ഇന്നുമുതല്‍ വിപണിയില്‍

ഇതാ വരുന്നു തേനൂറും ‘ഉടുമ്പന്നൂർ ഹണി’

ഹണി
avatar
സ്വന്തം ലേഖകൻ

Published on Aug 17, 2025, 12:15 AM | 1 min read

കരിമണ്ണൂർ

ജൈവ തേൻ ഗ്രാമമെന്ന ഖ്യാതിനേടിയ ഉടുമ്പന്നൂരിന്റെ പെരുമ നിലനിർത്താൻ നൂതന പദ്ധതിയുമായി പഞ്ചായത്ത്. ചെറുതേനീച്ച കൃഷി നടത്തുന്നവരെ കോര്‍ത്തിണക്കി ചെറുതേൻ ബ്രാൻഡ്ചെയ്‍ത് പഞ്ചായത്ത് വിപണിയിലെത്തിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ പ്രകടനപത്രികാ വാഗ്ദാനമാണ് പാലിക്കപ്പെടുന്നത്. 2021 മുതലാണ് പദ്ധതിക്ക് തുടക്കമായത്. ഹോർട്ടികോർപ്പിന്റെ സഹകരണത്തോടെ 2000രൂപ വിലയുള്ള ഒരു ചെറുതേനീച്ചപ്പെട്ടി യൂണിറ്റ് 1000 രൂപ പഞ്ചായത്ത് സബ്സിഡിയോടെ കർഷകർക്ക് ലഭ്യമാക്കി. തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനവും നൽകി. ഒരു പെട്ടിയിൽനിന്ന് പ്രതിവർഷം ശരാശരി 500മുതൽ 750ഗ്രാം വരെ തേൻ ലഭിക്കും. പഞ്ചായത്തില്‍ 500ലേറെ ചെറുതേനീച്ച യൂണിറ്റുകളുണ്ട്. സ്വന്തം നിലയിൽ കൃഷി ചെയ്യുന്നവരുമുണ്ട്. കേരളത്തിലെ ആദ്യ ജൈവ തേൻ ഗ്രാമമാണ് ഉടുമ്പന്നൂർ.

വിപണിയിലേക്ക്

തേൻ ബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തലത്തിൽ കർഷകരുടെ കൂട്ടായ്‍മ രൂപീകരിച്ചു. ചീനിക്കുഴി ആലിയക്കുന്നേൽ എ വി ഖാലിദാണ് കൺവീനർ. ഉല്‍പ്പാദിപ്പിക്കുന്ന തേനിന്റെ ഗുണമേന്മ ഹോർട്ടികോർപ്പ് ഉറപ്പാക്കും. തുടക്കത്തിൽ 400 ഗ്രാം ചില്ലുകുപ്പിയിലാണ് വില്‍പ്പന. വൈകാതെ 250, 800 ഗ്രാം കുപ്പികളും വിപണിയിലെത്തും. പഞ്ചായത്ത് കൃഷിഭവനാണ് പദ്ധതിയുടെ മേൽനോട്ടം. ഔഷധമൂല്യവും ഗുണമേന്മയുമുള്ള ചെറുതേൻ ലഭ്യമാകുന്ന ഗ്രാമമായി ഉടുമ്പന്നൂരിനെ വളർത്തുകയാണ് ലക്ഷ്യമെന്നും ഉടുമ്പന്നൂരിന്റെ കാർഷിക മേഖലയിൽ ഇത് ഒരു പുതുചരിത്രമെഴുതുമെന്നും പ്രസിഡന്റ്‌ എം ലതീഷ് പറഞ്ഞു. കൃത്യമായ വരുമാനം ഉറപ്പാക്കുന്നതോടെ കൂടുതൽ തേനീച്ച കർഷകരെ ആകര്‍ഷിക്കാനുമാകും. കര്‍ഷകദിനമായ ഞായറാഴ്‍ച ഉടുമ്പന്നൂർ ഹണി എം ലതീഷ് ഉദ്ഘാടനംചെയ്യും. വൈസ് പ്രസിഡന്റ്‌ ആതിര രാമചന്ദ്രൻ അധ്യക്ഷയാകും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 12 കർഷകരെ ആദരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home