നീരൊഴുക്കില്‍ മനോഹരമായി ജലപാതങ്ങള്‍

വാളറ വെള്ളചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം പകർത്തുന്ന സഞ്ചാരികൾ

സ്വന്തം ലേഖകൻ
Published on May 17, 2026, 09:07 PM | 1 min read
അടിമാലി
കടുത്ത വേനലിന് ആശ്വാസമായി പെയ്ത മഴയിൽ ജലപാതങ്ങളിൽ ചെറു നീരൊഴുക്ക്. ഹൈറേഞ്ചിലെ കാഴ്ചകളെ മനോഹരമാക്കുന്നത് സജീവമാകുന്ന ജലപാതങ്ങളാണ്. കാട്ടരുവികളും നീര്‍ച്ചാലുകളും ജല സമൃദ്ധമാകും. പാറയിടുക്കിലും വെള്ളാരംകല്ലുകളിലും മരവേരുകളിലും തട്ടി ചിന്നിച്ചിതറിയൊഴുകുന്ന വെള്ളത്തിന്റെ സൗന്ദര്യം വേറിട്ട അനുഭവമാണ്. ദേശിയപാതയിലൂടെ സഞ്ചരിക്കുന്നവരുടെ ഇഷ്ടകേന്ദ്രങ്ങളാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ. ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ കാണണമെങ്കില്‍ ഇടമുറിയാതെ മഴപെയ്യുന്ന മണ്‍സൂണ്‍കാലത്ത് തന്നെ കാണണമെന്ന് സഞ്ചാരികള്‍ പറയുന്നു. മൂന്നാറിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഇടത്താവളമാകുകയാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍. അടിമാലി ടൗണിലെത്തിയാല്‍ കണ്ണിന് കുളിര്‍മ്മയേകി അടിമാലി വെള്ളച്ചാട്ടവും കാണാം. മാങ്കുളം ആനക്കുളത്തില്‍ ആനകള്‍ കൂട്ടമായെത്തുന്നത് കാണാന്‍ വിദൂര ദേശങ്ങളില്‍നിന്ന് പോലും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പുഴയിലെ ഉപ്പുരസമുള്ള വെള്ളം കുടിക്കാനാണ് ആനകളെത്തുന്നത്. അടിമാലി, മാങ്കുളം പഞ്ചായത്തുകളിലെ ആദിവാസികളുടെ ആവാസകേന്ദ്രവും സന്ദര്‍ശിക്കാം. വേനൽ മഴ ലഭിച്ചാൽ വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാൻ സഞ്ചാരികളെത്തുന്നതോടെ വിനോദസഞ്ചാരമേഖല കൂടുതല്‍ സജീവമാകും. ചിന്നപ്പാറ, കൊരങ്ങാട്ടി, പെട്ടിമുടി, കൊറത്തികുടി ആദിവാസി കുടികള്‍, ചെങ്കുളം, കല്ലാര്‍കുട്ടി ജലാശയങ്ങള്‍, പെട്ടിമുടി, കോട്ടപ്പാറ മലമുകള്‍, മാങ്കുളം, ആനക്കുളം എല്ലാം വിനോദ സഞ്ചാരികള്‍ക്ക് ഏറേ ആകര്‍ഷകമാകുകയാണ്. നേര്യമംഗലം മുതല്‍ വന മേഖലയിലൂടെയുള്ള യാത്ര ഏറേ ആസ്വാദ്യകരമാണ്.










0 comments