താന്നിമൂടും തിരുവല്ലാപ്പടിയും ദുരിതക്കയത്തിൽ

നെടുങ്കണ്ടം താന്നിമൂട് പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുന്നു
നന്ദു വിശ്വംഭരൻ
Published on Oct 19, 2025, 12:24 AM | 2 min read
നെടുങ്കണ്ടം
താന്നിമൂട് ശനിയാഴ്ച ഉണർന്നത് വെള്ളത്തിലേക്കും അതേൽപ്പിച്ച ദുരിതത്തിലേക്കുമായിരുന്നു. ബാലഗ്രാമിൽനിന്നും കൂട്ടാറിൽനിന്നും പുലർച്ചെ 3.30 ഓടെയാണ് മഴവെള്ളം താന്നിമൂട്ടിലെത്തിയത്. രാമക്കൽമെട്ടിലേക്കുള്ള പ്രധാനപാതയായ വണ്ണപ്പുറം, - കമ്പംമെട്ട് സംസ്ഥാന പാതയിലേക്ക് കല്ലാർ കരകവിഞ്ഞൊഴുകി. താന്നിമൂട് പാലത്തിന് മുകളിലൂടെ കലക്കവെള്ളമെത്തി. കരയിലുള്ള കപ്പേള, ബസ് സ്റ്റോപ്പ്, ജല വകുപ്പിന്റെ പമ്പ്ഹൗസ് തുടങ്ങിയവ മുങ്ങി. മണിക്കൂറുകൾക്ക് ശേഷം രാവിലെ പത്തോടെയാണ് വെള്ളമിറങ്ങിയത്. ആദ്യം ഭാഗികമായും പിന്നീട് പൂർണമായും ഗതാഗതം പുനസ്ഥാപിച്ചു. 2018ലെ പ്രളയത്തിലും ഈ പ്രദേശത്ത് ഇത്രയധികം വെള്ളം പൊങ്ങിയിട്ടില്ല.
തിരുവല്ലാപ്പടിയും ദുരിതങ്ങളും
രാത്രി മഴ കനത്തേതോടെ ശ്രദ്ധയുണ്ടായിരുന്നുവെങ്കിലും തിരുവല്ലാപ്പടിക്കാർ ഉറക്കത്തിലായിരുന്നു. കല്ലാർ പുഴയിൽനിന്ന് വരുന്ന തോടിന് സമീപം താമസിക്കുന്ന കുപ്പക്കാട്ടുമറ്റം കെ എ അമീർഖാന്റെ വീട്ടിലേക്കാണ് അപകടസാധ്യതപറഞ്ഞ് ഫോൺ വന്നത്. അമീർഖാന്റെ അമ്മ ഷക്കീല ഹമീദിന്റെ സഹോദരന് തൂക്കുപാലത്തുള്ള കടയിൽ വെള്ളം കയറി. പുറത്തിറങ്ങിയപ്പോൾ മഴവെള്ളം പടി കടന്നിരുന്നു. ഉടനെ സമീപ വാസികളെയും അറിയിച്ചു. 1995ലെ വെള്ളപ്പൊക്കത്തിന് ശേഷം ഇപ്പോഴാണ് പ്രദേശത്ത് വീടുകളിൽ വെള്ളം കയറുന്നത്. 30 വർഷങ്ങൾക്ക് ശേഷം. നാല് വീടുകളിൽ പൂർണമായി വെള്ളം കയറി. കുഴിക്കാട്ട് രത്നാകരൻ, കുപ്പക്കാട്ടുമറ്റം കെ എ അമീർഖാൻ, കുട്ടുമ്മേക്കാട്ടിൽ കെ എസ് നീനുമോൻ, പ്ലാക്കാട്ട് റോയി എന്നിവയുടേതാണിത്. സമീപത്തെ കെഎസ്ഇബി പുറമ്പോക്കായ കണ്ടവും മുങ്ങി. ജോസഫ് പുതുപ്പറമ്പിൽ, ബി ഉണ്ണികൃഷ്ണൻ, അബ്രഹാം അബ്രഹാം കാലായിപറമ്പിൽ ഷാന്റി ഇടവിള, ശോശാമ്മ ദാനിയേൽ കാണക്കാലിൽ ഫസിൽ ചരുവിള പുത്തൻവീട്, കാളിയാനിയിൽ ഷാജീവ് എന്നിവരുടെ വീടുകൾ ഒറ്റപ്പെട്ടു. ജോസഫിന്റെ കിണറും മുങ്ങി. 2018- ലെ മഹാപ്രളയത്തിൽ കിണറിന് അടുത്തുപോലും വെള്ളമെത്തിയില്ല. പ്രദേശത്തെ മൂന്ന് റോഡുകൾ, ജലനിധിയുടെ രണ്ട് പമ്പ് ഹൗസ്, ഒരു കുഴൽ കിണർ, ഒരു കിണർ, വലിയകുളം എന്നിവയും മൂടി. ഇതോടെ പ്രദേശത്തെ കുടിവെള്ളത്തിന് മറ്റ് വഴികളില്ലാതായി. താന്നിമൂട് -കല്ലാർ- രാമക്കൽമെട്ട് റോഡിലേക്കുള്ള പതിനഞ്ചടി നടപ്പാലം മുങ്ങി. ചെങ്കിലാത്ത് നൈനാൻ ബേബിയുടെ 30 സെന്റിലെ ഏലവും കപ്പയും വെള്ളത്തിലായി.
എല്ലാം മറന്ന് ജീവനുവേണ്ടി
വെള്ളം കുതിച്ചെത്തിയപ്പോൾ നീനു മോനും കുടുംബവും ഉറക്കത്തിലായിരുന്നു. മൂന്നര വയസ്സുകാരൻ മകൻ നീരജും. അവനെയുംകൊണ്ട് നീനുമോൻ ഭാര്യ അഞ്ജുവും അച്ഛൻ സതീഷിനും അനിയൻ നിധീഷിനുമൊപ്പം പുറത്തെത്തി. വെള്ളം മുറ്റത്ത് കഴുത്തൊപ്പം. എങ്ങനെയോ തൊട്ടുമുകളിലെ വീട്ടിലെത്തി. പുലർന്നപ്പോഴേക്കും ഒന്നും ബാക്കിയില്ലാത്ത പോലെ വീട് വെള്ളത്തിൽ.










0 comments