രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം പുതിയ ബ്ലോക്ക് നാടിന് സമർപ്പിച്ചു

രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്ക് എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
രാജകുമാരി
രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച പുതിയ ബ്ലോക്കും ശുചിമുറിയും എം എം മണി എംഎൽഎ നാടിന് സമർപ്പിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ മുടക്കിയാണ് പുതിയ ബ്ലോക്ക് നിർമിച്ചത്. 2021-–22 വർഷത്തിൽ 40 ലക്ഷം രൂപയും 2024–-25ൽ 30 ലക്ഷവും മുടക്കിയാണ് നിലവിലുള്ള കെട്ടിടത്തിന്റെ മുകൾനിലയിൽ റാമ്പോടുകൂടിയ ബ്ലോക്ക് യാഥാർഥ്യമാക്കിയത്. ഇതിന്റെ ഭാഗമായി നിർമിച്ച വെയിറ്റിങ് ഷെഡിന്റെ ഉദ്ഘാടനവും നടത്തി. 1974ൽ ഡിസ്പെൻസറിയായി ആരംഭിച്ച ആരോഗ്യകേന്ദ്രം 2020ലാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. നിലവിൽ മൂന്ന് ഡോക്‌ടർമാരുടെ സേവനം ലഭ്യമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് എംഎൽഎ ഇടപെട്ട് ഫാർമസിസ്റ്റ് ഒഴിവിലേക്കുള്ള നിയമനം നടത്തിയത്. ജോലി പുനഃക്രമീകരണത്തിന്റെ ഭാഗമായി ഒരു ഡോക്ടറെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഡോക്‌ടറെ തിരികെയെത്തിച്ച് സായഹ്ന ഒപി ആരംഭിക്കാനും ശ്രമിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. ലിൻഡ സാറാ കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. റാങ്ക് ജേതാക്കളെയും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും അനുമോദിച്ചു. ഷൈലജ സുരേന്ദ്രൻ, ആഷ സന്തോഷ്, കെ ജെ സിജു, പി രാജാറാം, എ ചിത്ര, മഞ്ജു ബിജു, സുമ സുരേന്ദ്രൻ, വർഗീസ് ആറ്റുപുറം, കെ കെ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ എം എൻ ഹരിക്കുട്ടൻ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ നന്ദിയും പറഞ്ഞു.








0 comments