കാട്ടാന വെളുത്തുള്ളികൾ നശിപ്പിച്ചു

മറയൂർ
വിളവെടുത്ത് ഒരുക്കിവച്ച വെളുത്തുള്ളി കാട്ടാനകൾ ചവിട്ടിയരച്ചു. കാന്തല്ലൂർ ആടിവയലിൽ എം മനോഹരന്റെ വെളുത്തുള്ളിയാണ് കാട്ടാനകൾ നശിപ്പിച്ചത്. വിളവെടുത്ത വെളുത്തുള്ളി പാടത്തിന് സമീപം ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്നു. രാത്രി കൃഷിയിടത്തിലെത്തിയ കാട്ടാനകൾ ചാക്കുകൾ ചവിട്ടിമെതിച്ചു. പൂർണമായും ചതഞ്ഞ വെളുത്തുള്ളികൾ ഉപയോഗശൂന്യമായി. സമീപത്തുള്ള ചന്ദ്രശേഖരന്റെ ഉരുളക്കിഴങ്ങ് കൃഷിയും വ്യാപകമായി നശിപ്പിച്ചു. കർഷകരുടെ മൂന്നുമാസം നീണ്ട അധ്വാനമാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്. സംഭവത്തെ തുടർന്ന് പ്രദേശം സന്ദർശിക്കാനെത്തിയ വനപാലകരെ മൂന്നുമണിക്കൂറോളം കർഷകർ തടഞ്ഞുവച്ചു. കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് പിആർടി ടീമിനെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. മുമ്പും നിരവധിതവണ പ്രദേശത്ത് കാട്ടാനകൾ കൃഷി നശിപ്പിച്ചിട്ടുണ്ട്. എന്നാൽ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിട്ട് നടപടി ഉണ്ടായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.









0 comments