74.68 ൽനിന്ന് 71.78 ലേക്ക്
വോട്ടിങ് ശതമാനം കുറഞ്ഞു


സ്വന്തം ലേഖകൻ
Published on Dec 11, 2025, 12:30 AM | 2 min read
തൊടുപുഴ
ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വോട്ടിങ് ശതമാനത്തില്‍ കുറവ്. കഴിഞ്ഞ മൂന്ന് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ചാല്‍ ക്രമേണയുള്ള കുറവാണ് കണക്കുകളില്‍ രേഖപ്പെടുത്തുന്നതെന്ന വ്യക്തമാകും. ഇത്തവണത്തെ അവസാന കണക്കുകള്‍ പ്രകാരം 71.78 ശതമാനമാണ് ജില്ലയിലെ വോട്ടിങ് ശതമാനം. ആകെയുള്ള 9,12,133 വോട്ടര്‍മാരില്‍ 6,54,684 പേരാണ് വോട്ട് ചെയ്‍തത്. കേരളത്തിന്റെ പാതി ജില്ലകള്‍ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോള്‍ ഇടുക്കി പിന്നില്‍നിന്ന് രണ്ടാമതായി. എറണാകുളം ജില്ല മാത്രമാണ് പുറകിലുള്ളത്. ആകെയുള്ള 4,43,521 പുരുഷന്മാരില്‍ 3,29,060 പേര്‍ വോട്ട് ചെയ്‌തു. 4,68,602 സ്‍ത്രീ വോട്ടര്‍മാരില്‍ 3,25,616 പേരും 11 ട്രാൻസ്‍ജെൻഡര്‍ വോട്ടര്‍മാരില്‍ എട്ടുപേരുമാണ് വോട്ട് ചെയ്‍തത്.
2020ല്‍ വോട്ടർമാർ കുറവ്, വോട്ടിങ് ശതമാനം കൂടുതൽ
2020ല്‍ ജില്ലയിലെ ആകെ പോളിങ് ശതമാനം 74.68 ആയിരുന്നു. മൂന്ന് ശതമാനത്തോളമാണ് ഇക്കുറി കുറഞ്ഞത്. 2020ല്‍ ആകെ വോട്ടര്‍മാര്‍ 9,04,670 പേരായിരുന്നു. ഇവരില്‍ 6,75,565 പേരാണ് വോട്ട് ചെയ്‍തത്. 4,44,641 പുരുഷന്മാരില്‍ 3,43,194 പേരും 4,60,024 സ്ത്രീകളില്‍ 3,34,370 പേരുമാണ് സമ്മിതിദാന അവകാശം രേഖപ്പെടുത്തിയത്. അഞ്ച് ട്രാൻസ്‍ജെൻഡര്‍ വോട്ടര്‍മാരില്‍ ഒരാളാണ് അന്ന് വോട്ട് ചെയ്യാനെത്തിയത്. 7463 വോട്ടര്‍മാര്‍ ഈ തവണ കൂടുതലായിരുന്നു. കഴിഞ്ഞ തവണത്തേത് അപേക്ഷിച്ച് 1120 പുരുഷ വോട്ടര്‍മാര്‍ കുറവായിരുന്നു. 8578 സ്‍ത്രീ വോട്ടര്‍മാര്‍ കൂടുതലും. ട്രാൻസ്‍ജെൻഡര്‍മാരുടെ എണ്ണം അഞ്ചില്‍നിന്ന് 11ലേക്ക് ഉയര്‍ന്നു. 2015ല്‍ 78.33 ശതമാനമായിരുന്നു വോട്ടിങ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏഴ് ശതമാനത്തോളം പോളിങ് 10 വര്‍ഷത്തിനിടെ കുറഞ്ഞിട്ടുണ്ട്.
ജില്ലാ ഡിവിഷൻ കുറവ് വെള്ളത്തൂവൽ
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഏറ്റവും കുറവ് പോളിങ് നടന്നത് വെള്ളത്തൂവലിലാണ്, 66.46. ആകെ വോട്ടര്‍മാര്‍ 44,338 പേരായിരുന്നു. ഇവരില്‍ 29,467 പേരാണ് വോട്ട് ചെയ്‍തത്. 66.96 ശതമാനം വോട്ടിങ് രേഖപ്പടുത്തിയ വാഗമണ്‍ ഡിവിഷനാണ് രണ്ടമത്. ലോറേഞ്ചിലെ ഡിവിഷനുകളായ കരിമണ്ണൂര്‍, വണ്ണപ്പുറം എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ പോളിങ്. കരിമണ്ണൂരില്‍ 77.38 ശതമാനവും വണ്ണപ്പുറത്ത് 76.78 ശതമാനവനവുമാണ്.
യുവാക്കൾ അന്യനാടുകളിൽ
പഠനത്തിനും ജോലിക്കുമായി കൗമാരം പിന്നിട്ടവരിൽ ഏറെപേർ അന്യനാടുകളിലാണ്. കർണാടകം ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമായി പോയവരിൽ മിക്കവരും വോട്ടുചെയ്യാനെത്തിയില്ല. ഒരു വാർഡിൽ ശരാശരി 25 മുതൽ 50 വരെ യുവാക്കളാണ് ഇങ്ങനെ എത്താതിരുന്നത്. ടൗൺമേഖലയിൽ കണക്ക് ഇതിൽ കൂടുതലാണ്. 750ൽ താഴെ വോട്ടുകളാണ് കൂടുതൽ വാർഡുകളിലും ശരാശരി രേഖപ്പെടുത്തിയിട്ടുള്ളത്. കട്ടപ്പന മുനിസിപ്പാലിറ്റി ടൗൺ വാർഡിൽ എണ്ണൂറിലധികം ആകെ വോട്ടർമാരുള്ളതിൽ 530 വോട്ടുകളാണ് ചെയ്‌തിട്ടുള്ളത്. ഇവിടെ 50ൽപരം ചെറുപ്പക്കാർ വിദേശങ്ങളിലാണ്. ഇതും വോട്ടിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ട്.









0 comments