കരിമണ്ണൂർ കോൺഗ്രസിൽ ഗ്രൂപ്പുപോര് മുറുകി

കരിമണ്ണൂർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതോടെ കരിമണ്ണൂരിലെ കോൺഗ്രസിൽ തമ്മിലടിയും കുതികാൽവെട്ടും ആരംഭിച്ചു. ചതിയുടെയും വഞ്ചനയുടെയും പ്രതികാരത്തിന്റെയും പുതിയ അധ്യായങ്ങളാണ് സ്ഥാനാർഥി നിർണയത്തിലൂടെ തുറന്നുവരുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. സംഘടനാ സംവിധാനം ദുർബലമായതിനാൽ സ്ഥാനാർഥി നിർണയം കീറാമുട്ടിയായി. എൽഡിഎഫ് സ്ഥാനാർഥിനിർണയം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. യുഡിഎഫിൽ കോൺഗ്രസ് മത്സരിക്കുന്ന ജില്ലാ പഞ്ചായത്ത് കരിമണ്ണൂർ ഡിവിഷനിൽ സ്ഥാനാർഥി നിർണയത്തിൽ തർക്കം രൂക്ഷം. ആദ്യം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്യു കെ ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, കെപിസിസി ന്യൂനപക്ഷ സെൽ മുൻ നേതാവ് മനോജ് കോക്കാട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇപ്പോൾ ടോണി തോമസിലേക്ക് ചുരുങ്ങിയത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. മാത്യു കെ ജോണിന് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിത്വം നിഷേധിക്കപ്പെടുമെന്ന അവസ്ഥ. ഉടുമ്പന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലോ പഞ്ചായത്തിലെ ഏതെങ്കിലും വാർഡിലോ മത്സരിക്കാൻ നിർദേശം ലഭിച്ചെങ്കിലും മാത്യു ഇനിയും വഴങ്ങിയിട്ടില്ല.
മനോജ് കോക്കാട്ടിനും സീറ്റ് നിഷേധിക്കുവാനുള്ള നീക്കങ്ങളുണ്ട്. പി ടി തോമസ് വിഭാഗക്കാരനായി അറിയപ്പെടുന്ന മനോജിന് മറ്റ് ഗ്രൂപ്പുകളിൽ നിന്നെല്ലാം ശക്തമായ എതിർപ്പ് നേരിടേണ്ടിവരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസിന്റെ പിന്തുണ ടോണി തോമസിനാണ്. കരിമണ്ണൂർ പഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തിലും നാടകീയ സംഭവങ്ങൾ അരങ്ങേറി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോളി അഗസ്റ്റിൻ കരിമണ്ണൂർ ടൗൺ വാർഡിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വാർഡ് കമ്മിറ്റിയിലൂടെ സീറ്റ് നിഷേധിക്കപ്പെട്ടു. ഷാജൻ ജെയിംസ്, പി എം ഐസക്, ജോസഫ് ജോൺ എന്നിവരാണ് ചുരുക്കപ്പട്ടികയിൽ. ഇതിൽ ജോസഫ് ജോണിന്റെ സ്ഥാനാർഥിത്വ ചർച്ച വിവാദമായിട്ടുണ്ട്. ജോളി അഗസ്റ്റിന് സീറ്റ് നിഷേധിക്കാനുള്ള ഗൂഢാലോചനയിൽ മണ്ഡലം പ്രസിഡന്റ് പങ്കാളിയായി എന്നാണ് ആരോപണം. ബ്ലോക്ക് പഞ്ചായത്ത് കരിമണ്ണൂർ ഡിവിഷനിലെ സ്ഥാനാർഥി നിർണയ ചർച്ചകളിലും പാർടികൾ കടുത്ത അതൃപ്തിയിൽ. മുൻ പഞ്ചായത്ത് പ്രസിഡന്റ് ബീന ജോളി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്സി ജോർജ് എന്നിവർക്ക് വേണ്ടിയാണ് അണിയറ നീക്കങ്ങൾ. വേനപ്പാറയിൽ പഞ്ചയത്ത് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം നേരിടുന്ന വ്യക്തിയെ സ്ഥാനാർഥിയാക്കുന്നതിലാണ് യുഡിഎഫിൽ അതൃപ്തി. ബീന ജോളിക്കു സീറ്റ് നൽകിയാൽ കരിമണ്ണൂർ പഞ്ചായത്തിൽ യുഡിഎഫ് പരാജയപ്പെടുമെന്ന് കേരള കോൺഗ്രസും മുസ്ലിം ലീഗും കോൺഗ്രസിലെ ഭൂരിപക്ഷവും കണക്കുകൂട്ടുന്നു.









0 comments