ചോർന്നൊലിക്കുന്ന ലയങ്ങളിൽ ദുരിതം സഹിച്ച് തോട്ടം തൊഴിലാളികൾ

വാഗമൺ എംഎംജെ തോട്ടം ലയങ്ങളിലൊന്ന്
ഏലപ്പാറ
കാലവര്‍ഷം കനത്തതോടെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ അപകടാവസ്ഥയിൽ. ദുരിതത്തില്‍ കഴിയുകയാണ് തൊഴിലാളികള്‍. പുള്ളിക്കാനം, കോട്ടമല, ബോണാമി, കോഴിക്കാനം, ടൈഫോർഡ്, ഹെലിബറിയ, ചെമ്മണ്ണ് എന്നീ തോട്ടങ്ങളിൽ ചോർന്നൊലിക്കുന്ന ലയത്തിനുള്ളില്‍ അപകടഭീഷണി നേരിടുകയാണവര്‍. തൊഴിൽ അധികൃതർ ഇതൊന്നും കണ്ട ഭാവമില്ല. കാട്ടുകല്ലും ചെളിമണ്ണും ഉപയോഗിച്ച് നൂറ് വർഷങ്ങൾക്ക് മുമ്പ് നിർമിച്ചിട്ടുള്ള ലയങ്ങളാണ് ഏറെയും. തോട്ടം തൊഴിലാളികൾക്ക് പാർപ്പിട സൗകര്യം ഒരുക്കാൻ എൽഡിഎഫ് സർക്കാർ ബജറ്റിൽ 10 കോടി വകയിരുത്തി പദ്ധതിക്ക് രൂപം നൽകിയെങ്കിലും ചുരുക്കം ചില തോട്ടം ഉടമകൾ മാത്രമാണ് പദ്ധതിയോട് സഹകരിച്ചത്. മലങ്കര പ്ലാന്റേഷൻ മാതൃകാപരമായ രീതിയിൽ പാർപ്പിടം ഒരുക്കി. കമ്പനിയുടെ കരിന്തരുവി ഡിവിഷനിൽ പുതിയ പാർപ്പിട നിർമാണം പുരോഗമിക്കുകയാണ്. എന്നാൽ മറ്റു തോട്ടങ്ങൾ ഈ നിലപാടല്ല സ്വീകരിക്കുന്നത്. സർക്കാർ പദ്ധതിയോട് മുഖം തിരിക്കുകയാണവര്‍. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നശേഷം തോട്ടം മേഖലയോട് കടുത്ത അവഗണനയും കാട്ടുകയാണ്. തോട്ടം തൊഴിലാളികളെ കുറിച്ച് ഒരു വാക്കുപോലും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ബജറ്റിൽ പ്രതിപാദിച്ചില്ല. തോട്ടം ഉടമകളുടെ കടുത്ത നിയമലംഘനങ്ങൾ തൊഴിലാളികളെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കുകയാണ്. തൊഴിൽ ഉദ്യോഗസ്ഥ മേധാവികൾ ഉടമകൾക്ക് അനുകൂലമായി നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപമുണ്ട്.











0 comments