മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു

മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ട് സന്ദർശിക്കുന്നു
കുമളി
മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി നിയോഗിച്ച ഉപസമിതി അണക്കെട്ട് സന്ദർശിച്ചു. വൃഷ്ടിപ്രദേശങ്ങളിൽ മഴയെതുടർന്ന് ജലനിരപ്പ് 133.80 അടിയായി ഉയർന്നതിനെതുടർന്നായിരുന്നു വ്യാഴാഴ്‌ച സന്ദർശനം നടത്തിയത്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ഡയറക്ടർ ആർ ഗിരിധറിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് അണക്കെട്ട് സന്ദർശിച്ചത്. രാവിലെ 8.30ന് തേക്കടിയിൽനിന്ന് ബോട്ടുമാർഗം അണക്കെട്ടിലെത്തിയ സംഘം 10ഓടെ അണക്കെട്ടിൽ പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പിൽവേ എന്നിവിടങ്ങളിലെത്തി പരിശോധിച്ചു. അണക്കെട്ടിലെ അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്തി. 13 സ്പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണം ഉയർത്തി പരിശോധിച്ചു. മുല്ലപ്പെരിയാറിലേയ്ക്കുള്ള വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണിയും ചർച്ചയായി. റിപ്പോർട്ടുകൾ മേൽനോട്ട സമിതിക്ക് കൈമാറും. കഴിഞ്ഞ ജൂണിലാണ് ഉപസമിതി അവസാനം സന്ദർശനത്തിനെത്തിയത്. കേരളത്തിന്റെ പ്രതിനിധികളായി ലെവിൻസ് ബാബു, എം കെ സിജി, തമിഴ്നാട് പ്രതിനിധികളായി സാം എർവിൻ, സെൽവം എന്നിവരും സംഘത്തിലുണ്ടായിരുന്നു. വ്യാഴാഴ്‌ച രാവിലെ 133.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.








0 comments