ഇതാ താലൂക്ക് "കട്ചേരി'

ഒന്നര നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച കോടതി കെട്ടിടം
കെ എ അബ്ദുള്‍ റസാഖ്
Published on Dec 18, 2025, 12:15 AM | 1 min read
പീരുമേട്
പീരുമേട് കോടതിയുടെ മുൻഭാഗത്തെ ഭിത്തിയിൽ സുർക്കി സിമന്റുപയോഗിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വായിച്ചാല്‍ ആര്‍ക്കും അത്ഭുതമാകും. "TALUK CUTCHERY', ഇത് താലൂക്ക് കട്ച്ചേരി എന്നല്ലേ? സംശയത്തില്‍ കഴമ്പില്ലാതില്ലല്ലോ..താലൂക്ക് കച്ചേരി എന്ന വാക്കാണ് കട്ചേരിയായത്. കെട്ടിട നിർമാണത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷുകാർക്ക് ഭാഷ വഴങ്ങാനാണ് ഈ മാറ്റം. പണ്ടുകാലത്ത് കൊച്ചിക്ക് പകരം കൊച്ചിനും കോഴിക്കോടിന് പകരം കാലിക്കട്ടും ആലപ്പുഴയ‍്ക്ക് പകരം ആലപ്പി എന്നതുപോലെയാണിതും. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളാണ് കോടതി സ്ഥാപിച്ചത്. പ്രമാദമായ പല കേസുകളുടേയും വ്യവഹാരങ്ങൾ നടന്നിരുന്നത് ഇവിടെയാണ്. 1893-ലാണ് പീരുമേട് കോടതി സ്ഥാപിതമായത്. രാജഭരണം ജനാധിപത്യത്തിന് വഴി മാറിയപ്പോഴും കോടതി പ്രവർത്തനത്തിൽ മാറ്റമുണ്ടായില്ല. നിലവിൽ മുൻസിഫ് കോടതിയും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഇവിടെ പ്രവർത്തിക്കുന്നു. പീരുമേട് താലൂക്ക് കച്ചേരിയുടെ അധികാരപരിധി ചങ്ങനാശേരി റവന്യൂ ഡിവിഷന് കീഴിലുള്ള കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളത്തിന്റെ ഒരു ഭാഗവും ചേർന്ന പ്രദേശങ്ങളായിരുന്നു. 1905-ൽ താലൂക്ക് കച്ചേരി രണ്ടായി വിഭജിച്ചു. തഹസിൽ മജിസ്ട്രേറ്റും ട്രിബ്യൂണലുമായി മാറി. നിലവിലെ കോടതി കെട്ടിടത്തിൽ തന്നെയായിരുന്നു തഹസിൽ മജിസ്ട്രേറ്റ് പ്രവർത്തിച്ചത്. 1950-ൽ മജിസ്ട്രേറ്റ് വീണ്ടും വിഭജിച്ച് പീരുമേട് മജിസ്ട്രേറ്റ് കോടതി വന്നു. പീരുമേട് കോടതി കെട്ടിടം അതേ രൂപത്തിൽ തന്നെയാണ് നിലനിൽക്കുന്നത്. രാജഭരണത്തിന്റെ പ്രതീകമായ ശംഖുമുദ്ര ഇപ്പോഴും കെട്ടിടത്തിനു മുൻഭാഗത്തുണ്ട്. അക്കാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല വസതിയും പീരുമേട്ടിലായിരുന്നു. ഭരണ ആസ്ഥാനമായിരുന്ന തിരുവനന്തപുരം കഴിഞ്ഞാൽ 1894-ൽ ഞായർ പൊതുഅവധി പ്രഖ്യാപിച്ചതടക്കം പ്രധാന ഭരണതീരുമാനങ്ങൾക്കും കെട്ടിടം വേദിയായി.










0 comments