Deshabhimani

സീതാറാം യെച്ചൂരി ജ്വലിക്കും അമരസ്മരണ

swaraj

സിപിഐ എം ജില്ലാ കമ്മിറ്റി ചെറുതോണി ടൗൺ ഹാളിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണവും സെമിനാറും സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 06, 2026, 12:15 AM | 2 min read

ഇടുക്കി

കര്‍ഷക, തൊഴിലാളി സമരങ്ങളുടെ പോരാട്ടച്ചൂടേറ്റ് തിളങ്ങുന്ന ഇടുക്കിയുടെ ഇതിഹാസ മണ്ണില്‍ അടിയുറച്ച ആദര്‍ശങ്ങളുടെ കരുത്തില്‍ നിലകൊണ്ട വിപ്ലവസൂര്യൻ വീണ്ടും ഉദിച്ചു. കനല്‍വഴികള്‍ താണ്ടുമ്പോഴും കൈവിടാതിരുന്ന സൗമ്യതയും വിനയവും കലര്‍ന്ന മുഖവും ചിരിയും ചുരുട്ടിയ മുഷ്‍ടിയും ഒരിക്കല്‍‍കൂടി മലയോരത്തുകാരുടെ മുന്നിലെത്തി. ചെറുതോണി ടൗണ്‍ഹാളില്‍ സിപിഐ എം ജില്ലാ കമ്മിറ്റി നടത്തിയ സീതാറാം യെച്ചൂരി അനുസ്‍മരണത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി അദ്ദേഹത്തിന്റെ ജീവിത നേര്‍സാക്ഷ്യമായി. പഴയ ചിത്രങ്ങളും വീഡിയോകളും അക്കാലത്തിന്റെ ഓര്‍മപ്പെടുത്തലുകളായി. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച യെച്ചൂരി മനുഷ്യസ്‍നേഹമാണ് പരമമായ സത്യമെന്ന് മനസ്സിലാക്കി പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു. മനുഷ്യരുടെ വേദനയും കണ്ണീരും അകറ്റാനുള്ള പോരാട്ടങ്ങളിലേക്ക് ജീവിത ദിശമാറ്റി. നാടിന്റെ മുന്നേറ്റത്തിനും അരികുവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശത്തിനുമായി നിലകൊണ്ടു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങളിൽ ഒന്നാംക്ലാസ് നേടിയ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലത്തിലൂടെയാണ് ഡോക്യുമെന്ററി തുടങ്ങിയത്. 1974ല്‍ ജെഎന്‍യുവിലാണ് എസ്എഫ്ഐ അംഗമാകുന്നത്. 1984 മുതല്‍ 86 വരെ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി. ഇക്കാലയളവില്‍ സംഘടനയെ അഖിലേന്ത്യ ശക്തിയായി വളര്‍ത്തി. 1975ല്‍ സിപിഐ എം അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ്ചെയ്യപ്പെട്ടു. 1985ല്‍ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1989-ൽ കേന്ദ്ര സെക്രട്ടറിയറ്റിലും 1992-ൽ പൊളിറ്റ് ബ്യൂറോയിലുമെത്തി. രാജ്യത്തെ തൊഴിലാളി വര്‍ഗത്തിന്റെ കണ്ണീരിനൊപ്പംനിന്ന് അവരുടെ നായകനായ വളര്‍ച്ച കാഴ്‍ചക്കാരില്‍ ആവേശമുയര്‍ത്തി. ഇന്ത്യൻ രാഷ്‍ട്രീയ ചരിത്രത്തില്‍ മുന്നണി രാഷ്‍ട്രീയത്തിന്റെ പ്രാധാന്യം യെച്ചൂരി തിരിച്ചറിഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരണത്തില്‍ എല്‍ഡിഎഫ് പിന്തുണ നല്‍കി. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെട്ടതാക്കാൻ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പൊതുമിനിമം പരിപാടിയുടെ മുഖ്യശില്‍പ്പിയായി. 2008ലെ ഇന്ത്യ– അമേരിക്ക ആണവ കരാറുമായി ബന്ധപ്പെട്ട് യെച്ചൂരി സ്വീകരിച്ച നയങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. 2015 മുതലാണ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. രാജ്യത്തിനകത്തും പുറത്തും കമ്യൂണിസത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങളും മുന്നിലെത്തി. കേന്ദ്ര ബിജെപി സര്‍ക്കാരിനെ താഴെയിറക്കാൻ രൂപീകരിച്ച ഇന്ത്യ കൂട്ടായ്‍മയ്‍ക്ക് പിന്നിലും യെച്ചൂരിയുടെ രാഷ്‍ട്രീയ ബുദ്ധിയായിരുന്നു. മോദി സര്‍ക്കാരിന്റെ അമിതാധികാര വാഴ്‍ചയ്‍ക്കെതിരെ ഉയര്‍ന്ന നിര്‍ഭയശബ്ദമായിരുന്നു യെച്ചൂരിയുടേത്. പാര്‍ലമെന്റേറിയൻ, വാഗ്മി, സംഘാടകൻ എന്നിങ്ങനെ യെച്ചൂരിയുടെ വിവിധ തലങ്ങള്‍ ഡോക്യുമെന്ററിയുടെ ഭാഗമായി. എം കെ മോഹനന്റെ നേതൃത്വത്തിലുള്ള നവ മാധ്യമ പ്രവർത്തകരാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home