അപ്പോ ഇതായിരുന്നല്ലേ വനവാസം

കെടിആർ
Published on Apr 20, 2026, 12:30 AM | 1 min read
കുട്ടിമാമാ...ഞെട്ടിമാമാ...യോദ്ധയില്‍ അപ്പുക്കുട്ടന്റെ ഡയലോഗ് പ്രശസ്‍തമാണ്. ഏതാണ്ട് അതുപോലയായി പ്രതിപക്ഷ നേതാവിന്റെ വനവാസം. തെരത്തെടുപ്പിൽ സെഞ്ച്വറി അടിച്ചില്ലെങ്കിൽ വനവാസത്തിന് പോകുമെന്നായിരുന്നു അഡ്വാൻസ് വിളംബരം. കേട്ടപാടേ അകത്ത് കത്തിയും പുറത്ത് പത്തിയുമായി നിൽക്കുന്ന ഗ്രൂപ്പ് ചേരിക്കാരുടെ ഉഗ്രൻ കമന്റും. താന്തോന്നി തമ്പുരാനെന്നും തനിപ്പിടിയനെന്നുമെല്ലാമുള്ള പേര് ഗ്രൂപ്പ് പോർവിളികൾ നാടാകെ മുഴങ്ങുമ്പോൾ വേണ്ടേ ഇത്തിരി ഏകാന്തത. താൻ ചത്ത് മീൻപിടിച്ചിട്ട് കാര്യമെന്തെന്ന ചിന്തയും പ്രതിപക്ഷ നേതാവിനുണ്ടായിരിക്കണം. മതവിശ്വാസപ്രകാരം നാല് ആശ്രമങ്ങളിൽ(ജീവിതഘട്ടം) മൂന്നാമത്തേതാണ് വാനപ്രസ്ഥം. ബ്രഹ്മചര്യവും കുടുംബാശ്രമവുമെല്ലാം കഴിഞ്ഞ് ഏതാണ്ട് 50 മുതൽ 75 വയസ്സിനിടയിലാണ് വനവാസം തെരഞ്ഞെടുക്കുക. ഇതിന് ശേഷം സന്യാസം മാത്രം. കടുംബവും രാഷ്ട്രീയ, സാമൂഹ്യ ജീവിതങ്ങൾക്കുമെല്ലാം വിടപറഞ്ഞ് സർവസംഗ പരിത്യാഗിയാവുകയാണ് വനവാസത്തിലൂടെ. ഇവിടെ വനവാസമെന്ന് നേരത്തെ പറഞ്ഞുപോയതാണ്. അതിന് എല്ലാ സുരക്ഷയും ഏർപ്പാടും ചെയ്തു കൊടുക്കാമെന്ന് വനം മന്ത്രിയും പറഞ്ഞിരുന്നതാണ്. എന്നാൽ അതിനൊന്നും കാത്തുനിൽക്കാതെ പ്രതിപക്ഷ നേതാവ് മലമേട്ടിലേക്ക് യാത്ര തിരിച്ചു. മരവുരിയുന്നും ധരിച്ചിരുന്നില്ല. പാന്റും ഷൂവുമൊക്കെയായി ടിപ് ടോപ്. ഫലമൂലാധികകൾക്ക് പകരം നല്ല ചിക്കൻ വിഭവങ്ങളും. ഇത് ഹൈടെക് വനവാസം. കൂട്ടിന് കുടുംബാംഗങ്ങളും കാവൽക്കാരും. ട്രക്കിങ്ങും പാരച്യൂട്ട് പറക്കലും എല്ലാം നടത്തി. കോൺഗ്രസിന്റെ മുൻ വനംമന്ത്രിയുടെ കൊച്ചുമകന്റെ വാഗമണ്ണിലെ റിസോർട്ടാണ് വനവാസം. ഉദ്ഘാടനവും നാടകവുമെല്ലാം നേരത്തെ സംവിധാനം ചെയ്‍തിരിക്കണം. എന്തായാലും കൊട്ടും കുരവയും കരിമരുന്ന് പ്രയോഗവുമെല്ലാം കൊഴുപ്പിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ വനവാസം. ഉദ്‌ഘാടനശേഷം വനവാസത്തിൽ കുറച്ച് താമസിച്ചായിരുന്നു മടക്കം. മഹാഭാരത യുദ്ധത്തിൽ ആനയ്‍ക്ക് അശ്വഥാമാവെന്ന് പേരിട്ട് അശ്വഥാമാവിനെ കൊന്നെന്ന കരക്കമ്പിയിൽ ദ്രോണർ വീണതുപോലെ. എവിടെ പോയാലും നുണയ്‍ക്ക് കാലില്ല. വനവാസത്തിലായിരുന്നു എന്ന് പറയുകയുമാവാം. ഇനി അന്വേഷിച്ചു വരുമ്പോഴറിയാം വനവാസം റിസോർട്ടിന്റെ പങ്കാളിത്ത വേരുകൾ.










0 comments