ad
Deshabhimani

സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടു

വെളിച്ചെണ്ണ വില കുറയുന്നു

cocconut
വെബ് ഡെസ്ക്

Published on Jan 10, 2026, 12:45 AM | 2 min read

അടിമാലി

പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടതോടെ അടുക്കളകളിൽ വീണ്ടും വറക്കലും പൊരിക്കലും തകൃതിയായി. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലകുറഞ്ഞതോടെ കുടുംബ ബജറ്റ്‌ ഇവിടെ താളം വീണ്ടെടുക്കുകയാണ്‌. തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത വര്‍ധിപ്പിച്ചതാണ് പൊതുവിപണിയില്‍ വിലകുറയാനിടയായത്‌. തെങ്ങുകൃഷി നാമമാത്രമായ ഹൈറേഞ്ചിലെ ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും വരുമാന ചോർച്ച ഒരുപരിധിവരെ തടയാനായി. നിലവില്‍ വിപണിയിലേക്ക് പച്ചതേങ്ങ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. തേങ്ങയ്‌ക്ക് വില കിലോക്ക് 80 രൂപ വരെയെത്തിയിരുന്നു. ഇതില്‍നിന്ന്‌ നിലവില്‍ 20 മുതല്‍ 25 രൂപ വരെ പലയിടത്തും തേങ്ങയ്‌ക്ക് വില കുറഞ്ഞിട്ടുണ്ട്. ആട്ടിയ വെളിച്ചെണ്ണ വില കിലോയ്‌ക്ക് 520 രൂപ വരെ എത്തിയിരുന്നു. നിലവില്‍ 380 മുതല്‍ 400 വരെയായി ആട്ടിയ വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ട്. 320 വരെ ഉയര്‍ന്ന കൊപ്ര വില 220ലേക്ക് കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ തേങ്ങയുടെയും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയില്‍ ഇനിയും കുറവ് വന്നേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഓണക്കാലത്തിന് തൊട്ടുമുമ്പുവരെ ഒരു കിലോ കൊപ്രയ്‌ക്ക് 112 രൂപയും ആട്ടിയ വെളിച്ചെണ്ണ കിലോക്ക് 285 രൂപയുമായിരുന്നു. ഇവിടെ നിന്നുമാണ് വില ഇരട്ടിയോളം വര്‍ധിച്ചത്. തേങ്ങക്കും വെളിച്ചെണ്ണക്കുമുണ്ടായ വില വര്‍ധന സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചു. ഉല്പാദനകുറവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും വില വര്‍ധിക്കാന്‍ ഇടയായി. കൂടാതെ, രോഗബാധയും കാലാവസ്ഥവ്യതിയാനവും തിരിച്ചടിയായി. മണ്ഡരിയും കുമ്പുചീയലും വെള്ളീച്ചയും മഞ്ഞളിപ്പും ബാധിച്ച് തേങ്ങഉൽപാദനം പകുതിയിലേറെയായി കുറഞ്ഞിട്ടുണ്ട്. കാറ്റുവീഴ്ച ബാധിച്ചതോടെ ആയിരക്കണക്കിനു തെങ്ങുകളാണ് വെട്ടിമാറ്റിയത്. കാലാവസ്ഥ വ്യതിയാനവും ഉൽപാദനത്തെ കാര്യമായി ബാധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കരിക്ക് വില്പന കൂടിയതും പച്ച തേങ്ങയുടെ വിലവര്‍ധനയ്‌ക്ക്‌ കാരണമായി. കര്‍ഷകര്‍ക്ക് ലാഭവും കരിക്ക് വില്പനയാണ്. കച്ചവടക്കാര്‍ തോപ്പുകളിലെത്തി അവരുടെ ചിലവില്‍ തന്നെ കരിക്ക് വെട്ടിയിറക്കി കൊണ്ടുപോകും. ഇത് കര്‍ഷകരുടെ കൂലി ചിലവ് കുറയ്ക്കും. കൃഷികാര്‍ക്ക് തൊഴിലാളിയെ അന്വേ ഷിക്കാനോ വിപണിയില്‍ പോകേണ്ടിയോ വരുന്നില്ല. അതിനാല്‍ കരിക്ക് വില്‍പ്പനയ്ക്ക് കര്‍ഷകര്‍ കൂടുതല്‍ താല്‍പര്യമെടുത്തതോടെ തേങ്ങ വിപണിയില്‍ എത്താതായി. കൂടാതെ തെങ്ങ്‌ കർഷകർക്ക്‌ ഉല്‍പ്പാദനക്കുറവും കൃഷി ചിലവേറിയതും വിനയായി. കൂടാതെ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് അധികമായി തേങ്ങ എത്തുന്നത്. കേരളത്തില്‍ വെളിച്ചെണ്ണ വില ക‍ൂടിയപ്പോൾ ഇടനിലക്കാർ തേങ്ങയും കൊപ്രയും പൂഴ്ത്തിവച്ചതും വിലക്രമാതീതമായി ഉയരാൻ ഇടയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home