തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം 22ന് കട്ടപ്പനയില്‍


സ്വന്തം ലേഖകൻ
Published on Dec 20, 2025, 12:15 AM | 1 min read
ചെറുതോണി
രാജ്യത്തെ കോടിക്കണക്കായ സാധാരണ മനുഷ്യരുടെ ജീവനോപാധിയായ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയരുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 22ന് കട്ടപ്പന ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ വമ്പിച്ച പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. തൊഴിലുറപ്പ് കാര്‍ഡുള്ള രണ്ട് ലക്ഷം തൊഴിലാളികളാണ് ജില്ലയിലുള്ളത്. രണ്ട് ലക്ഷത്തോളം കുടുംബങ്ങളെയും അവരെ ആശ്രയിച്ച് കഴിയുന്നവരെയും പട്ടിണിയിലേക്ക് തള്ളിവിടുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണ് കേന്ദ്ര സര്‍ക്കാരില്‍നിന്നുണ്ടായത്. രാഷ്ട്രപിതാവിന്റെ ഘാതകരായി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡയുടെ ഭാഗമായാണ് ലോകം ശ്രദ്ധിച്ച തൊഴിലുറപ്പ് പദ്ധതിയെ നിഷ്ഠൂരംനീക്കം ചെയ്യാന്‍ മോദി ഭരണം തീരുമാനമെടുത്തത്. ഇടതുപക്ഷ പിന്തുണയില്‍ അധികാരത്തിലെത്തിയ ഒന്നാം യുപിഎ സര്‍ക്കാരാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. കോമണ്‍ മിനിമം പരിപാടിയില്‍ ഇടതുപക്ഷം നിര്‍ദ്ദേശിച്ച ആശയമാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. എന്നാല്‍ ഇടതുപക്ഷ പിന്തുണയില്ലാതെ ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് വേതനം വർധിപ്പിക്കാൻ തയ്യാറായില്ല.
ഇടതുപക്ഷം മുന്നോട്ടുവച്ച തൊഴിലുറപ്പ് പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ കാലാകാലങ്ങളില്‍ വേതനം വര്‍ധിപ്പിക്കാനും തൊഴില്‍ദിനങ്ങള്‍ വർധിപ്പിക്കുന്നതിനും ഇടതുപക്ഷം എന്നും സമരരംഗത്തുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആകട്ടെ രാജ്യം ശ്രദ്ധിക്കുന്ന ഏതെങ്കിലും ഒരു സമരം നടത്താന്‍ ഇതുവരെയും തയ്യാറായിട്ടില്ല. തൊഴിലുറപ്പ് പദ്ധതി നിര്‍ത്താനുള്ള ബിജെപി സര്‍ക്കാരിന്റെ ഗൂഢനീക്കത്തിനെതിരെയും കോണ്‍ഗ്ര യുഡിഎഫും മൗനം തുടരുകയാണ്. ഇക്കാര്യത്തില്‍ ഇടതുപക്ഷം സന്ധിയില്ലാത്ത സമരത്തിന് തയ്യാറെടുക്കുകയാണ്. 22 ന് നടക്കുന്ന ജില്ലാ ധര്‍ണയില്‍ വന്‍ പ്രതിഷേധം ഉയരും. തുടര്‍പ്രക്ഷോഭങ്ങള്‍ക്കും എല്‍ഡിഎഫ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇടുക്കിയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ കെ സലീം കുമാര്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ സി വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍, അഡ്വ. കെ ടി മൈക്കിള്‍, സി എസ് രാജേന്ദ്രന്‍, രതീഷ് അത്തിക്കുഴി,കോയ അമ്പാട്ട്, ജോണി ചെരിവുപുറം,സിബി മൂലേപ്പറമ്പില്‍,കെ എം ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.










0 comments