ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എൽഡിഎഫിന് അരലക്ഷം വോട്ടുകള്‍ വര്‍ധിച്ചു: സിപിഐ എം


സ്വന്തം ലേഖകൻ
Published on Dec 21, 2025, 12:01 AM | 1 min read
ചെറുതോണി
2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 51,721 വോട്ടുകള്‍ ജില്ലയില്‍ എല്‍ഡിഎഫിന് വര്‍ധിച്ചിട്ടുണ്ടെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പീരുമേട് മണ്ഡലത്തില്‍ 5050 വോട്ടുകളും ഇടുക്കിയില്‍ 7479 വോട്ടും വര്‍ദ്ധിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോലയില്‍ 10,310 വോട്ടുകളും ദേവികുളത്ത് 10,274 വോട്ടുകളും കൂടിയിട്ടുണ്ട്. തൊടുപുഴയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ വര്‍ധിച്ചിട്ടുള്ളത്. 18,668 വോട്ടുകള്‍ ഇവിടെ കൂടുതല്‍ ലഭിച്ചു. എൽഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു പോറല്‍പോലും ഏറ്റിട്ടില്ലെന്നും ഇടതുപക്ഷം അജയ്യശക്തിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. മുഴുവന്‍ വര്‍ഗീയ കൂട്ടുകെട്ടുകളും പ്രതിലോമ ശക്തികളും ഒരുമിച്ച് യുഡിഎഫ്, ബിജെപി സഖ്യങ്ങളില്‍ അണിചേര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് അരലക്ഷത്തിലധികം വോട്ടുകള്‍ എല്‍ഡിഎഫിന് കൂടുതല്‍ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞത്. പഞ്ചായത്തുകളില്‍ 50 വോട്ടുകളില്‍ താഴെ ചില വാര്‍ഡുകളില്‍ പരാജയപ്പെട്ടതിനാല്‍ ഏഴ് പഞ്ചായത്തുകളില്‍ ഭരണത്തിലെത്താന്‍ കഴിയാതെ വന്നിട്ടുണ്ട്. എല്‍ഡിഎഫിന് ചില പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടപ്പോള്‍ യുഡിഎഫില്‍നിന്നും ചില പഞ്ചായത്തുകള്‍ പിടിച്ചെടുക്കാനും സാധിച്ചിട്ടുണ്ട്. ഇടമലക്കുടി, മുട്ടം, വട്ടവട, കരുണാപുരം പഞ്ചായത്തുകള്‍ യുഡിഎഫില്‍നിന്നും പിടിച്ചെടുത്തു. ത്രിതല പഞ്ചായത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവു വന്നപ്പോഴും കറകളഞ്ഞ മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും വര്‍ഗീയ ശക്തികളില്‍നിന്നും അകലം പാലിക്കാനും എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.










0 comments