ചന്ദനച്ചോല @50
‘മണിയാൻ ചെട്ടിക്ക് മണി മിഠായി’ മധുരയോർമ

അരണക്കൽ എസ്റ്റേറ്റ് ബംഗ്ലാവ്
കെ എ അബ്ദുൾ റസാഖ്
Published on Jul 28, 2025, 12:00 AM | 1 min read
വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാറിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സൂപ്പർഹിറ്റ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ‘ചന്ദനച്ചോല’ പുറത്തിറങ്ങിയിട്ട് 50 വർഷം പിന്നിട്ടു. ജേസി സംവിധാനം ചെയ്‌ത ചിത്രം 1975 ജൂൺ 20നാണ് റിലീസ് ചെയ്‌തത്. "മണിയാൻ ചെട്ടിക്ക് മണി മിഠായി.. മധുരക്കുട്ടിക്ക് പഞ്ചാര മുട്ടായി’ എന്ന ഹിറ്റ് ഗാനവും ഈ ചിത്രത്തിലേതാണ്. ഡോ. ബാലകൃഷ്ണൻ എഴുതി യേശുദാസും പട്ടം സദനും ചേർന്ന് ആലപിച്ച ഗാനം അക്കാലത്ത് റേഡിയോയിൽ കൂടുതൽ ശ്രോതാക്കളുള്ള ഗാനങ്ങളിലൊന്നായിരുന്നു. കെ ജെ ജോയിയാണ് ഗാനം ചിട്ടപ്പെടുത്തിയത്. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് ബംഗ്ലാവിൽ ചിത്രീകരിച്ച ഗാനം അരനൂറ്റാണ്ട് പിന്നിട്ടിട്ടും ജനഹൃദയങ്ങളിലുണ്ട്. സുധീർ, പട്ടം സദൻ, ബേബി ഇന്ദിര എന്നിവരായിരുന്നു ഗാനരംഗത്ത് അഭിനയിച്ചത്. അരണക്കൽ എസ്റ്റേറ്റ് ബംഗ്ലാവ് വലിയ മാറ്റങ്ങളില്ലാതെ ഇപ്പോഴും തലയെടുപ്പോടെ നിലനിൽക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഡോ. ബാലകൃഷ്ണൻ തന്നെയാണ് ചിത്രം നിർമിച്ചതും. അക്കാലത്തെ സൂപ്പർതാരം വിൻസെന്റായിരുന്നു ചിത്രത്തിലെ നായകൻ. കൂടാതെ ശങ്കരാടി, വിധുബാല, കെപിഎസി ലളിത, സാധന, സുധീർ, തിക്കുറിശ്ശി, ടി പി മാധവൻ, പട്ടം സദൻ, കുതിരവട്ടം പപ്പു, ജോസ് പ്രകാശ് തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.








0 comments