ഞങ്ങടെ ചട്ടം ഇങ്ങനല്ല, കർഷകരെ ചട്ടം പഠിപ്പിക്കുന്നതാണ് ചട്ടം

കെടിആർ
Published on Aug 30, 2025, 11:40 PM | 1 min read
ചില കുഞ്ഞുങ്ങളുടെ ശാഠ്യം കണ്ടിട്ടില്ലേ? ഏത്തപ്പഴം മുറിക്കാൻ പറഞ്ഞ് കരയും, വീണ്ടും പലതവണ മുറിക്കാൻ ശഠിക്കും. അവസാനം ഇതല്ലാം പഴയപോലെ ഒന്നാക്കണമെന്ന് പറഞ്ഞ് നിലവിളിക്കും. ഭൂ പ്രശ്‌നം പരിഹരിച്ചതാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഇപ്പോഴത്തെ പ്രശ്‌നം. ഇക്കാര്യത്തിൽ അവരിൽനിന്നുള്ള അഭിനന്ദനം പ്രതീക്ഷിക്കുന്നതും മഠയത്തരം. നായ്‌ക്കോലം കെട്ടിയാൽ കുരയ്‌ക്കണമല്ലോ. ഇപ്പോൾ ഫീസാണ് ഞങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കാനുള്ള ആയുധം. പട്ടയ–ഭൂ പ്രശ്‌നങ്ങൾ പരിഹരിച്ചും വികസനം നടത്തിയും അങ്ങനെയങ്ങ് പോകാൻ വരട്ടെ, ഞങ്ങൾ സമ്മതിക്കൂല. വഴങ്ങുകയുമില്ല. ഞങ്ങൾക്ക് കഴിയാത്തത് മറ്റാരും ചെയ്യേണ്ട ബ്രോ. ഇക്കാര്യത്തിൽ ഗ്രൂപ്പെല്ലാം മറന്ന് മലയ്‌ക്ക് സമമായി അങ്ങ് നിൽക്കും. ഒരു മുതലപ്പിടിയങ്ങ് നടത്തും. ക്ഷമിക്കണം, തെരഞ്ഞെടുപ്പ് പടിവാതിൽക്കലല്ലേ സർ?. മലയോര കർഷകർക്കുമേൽ വച്ചുകെട്ടിയ ഏടാകൂടങ്ങളെത്ര. എതിരേവരുന്നവരുടെ തലയ്ക്കുമീതെയാണ് ഏടാകൂടക്കാരന്റെ പോക്ക്. അപ്പോൾ ഭൂപതിവ് ചട്ടങ്ങളെല്ലാം ആരാ കൊണ്ടുവന്നെ? ആർ ശങ്കറും ലീഡറും ഒസിയും ആദർശ കുപ്പായക്കാരനുമെല്ലാം ഇറക്കിയ തിട്ടൂരങ്ങൾ... അതെല്ലാം മറന്നേക്കൂ. ഞങ്ങൾ കോൺഗ്രസ് ആശാന്മാർക്ക് ഏത്തമൊന്നുമില്ല. അടുപ്പിലുമാകാം. മലയോര ജീവിതം അസാധ്യമാക്കിയ ഒമ്പത് കുടിയിറക്കുകൾ, സിഎച്ച്ആർ വനമാണെന്ന റിപ്പോർട്ടുകൾ, വന്യമൃഗാക്രമണ വിഷയം, വിവിധ പശ്ചിമഘട്ട റിപ്പോർട്ടുകൾ, നിർമാണ നിരോധനത്തിലേക്ക് എത്തിച്ച കേസുകൾ എല്ലാമെല്ലാമുള്ള സംഭാവനകളെ മറയ്‌ക്കണമല്ലോ. നൽകിയ ഭൂരേഖകളും റിപ്പോർട്ടും വച്ചാണ് കോടതിയുടെ തുടരെയുള്ള ചോദ്യങ്ങൾ. ഞങ്ങൾ കുരുക്കുകളെല്ലാമുണ്ടാക്കും ഒന്നൊന്നായി അഴിക്കുക നിങ്ങടെ പണി. പിഴമേൽ പിഴയോ മുഴമേൽ മുഴയോ ഞങ്ങളെ ഏശില്ല. കുടിയിരിക്കുന്ന വീട്ടിൽ കൊള്ളിവയ്‌ക്കാൻ സഹായികളുമുണ്ട്. ജനതയുടെ മറവി പുതിയ നിർമിത വാർത്തകൾകൊണ്ടങ്ങ് മറികടക്കാൻ പരമാവധി ശ്രമിക്കും. എംപിതന്നെ പ്രധാന വക്താവായിറങ്ങും. കേന്ദ്രം ചെയ്യേണ്ട കാര്യങ്ങളിൽ നിശബ്‌ദത പാലിച്ചാൽ ഗുണങ്ങൾ പലവിധമാണ്. വികസനത്തെക്കുറിച്ച് ഒറ്റയക്ഷരം മിണ്ടരുത്. അഞ്ചുവർഷമുള്ള തെരഞ്ഞെടുപ്പുകാലത്തെ മാവേലികളുടെ മലകയറ്റം ആരും മറന്നിട്ടില്ല. ഇപ്പോഴാണെങ്കിൽ കണ്ണുമടച്ചങ്ങ് യാത്രയും ചെയ്യാം.









0 comments