ad
Deshabhimani

കോൺഗ്രസിൽ കൂട്ടക്കുഴപ്പം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 22, 2025, 12:00 AM | 2 min read

അടിമാലി

കോണ്‍ഗ്രസില്‍ രാജിയും തര്‍ക്കവും തുറന്ന പോരിലേക്ക്‌. മുതിര്‍ന്ന നേതാവും മുന്‍ ജില്ലാ പഞ്ചായത്തംഗവും രണ്ട് വട്ടം ബ്ലോക്ക് പഞ്ചായത്തംഗവുമായ ഇന്‍ഫന്റ് തോമസ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. സ്വതന്ത്രനായി ജില്ലാ പഞ്ചായത്തിലേക്ക് അടിമാലി ഡിവിഷനില്‍നിന്ന്‌ പത്രിക നല്‍കി. വേണുഗോപാല്‍ പക്ഷക്കാരനെ വെട്ടി നിരത്തി ഇവിടെ ഐ ഗ്രൂപ്പ് നേതാവ് സ്ഥാനാര്‍ഥിയായി. കഴിഞ്ഞ ദിവസം വേണുഗോപാല്‍ പക്ഷക്കാരനെതിരെ യൂത്ത് കോണ്‍ഗ്രസ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ ടൗണിലാകെ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. ആറ് മാസം മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളെ ഡീന്‍ കുര്യാക്കോസ് എംപി അടക്കം ലക്ഷങ്ങള്‍ കോഴവാങ്ങിയാണ് സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചതെന്നാണ് എതിര്‍ പക്ഷത്തിന്റെ ആരോപണം. 
 അടിമാലി മുതല്‍ പൈങ്ങോട്ടൂര്‍ വരെയുള്ളവര്‍ പണം വാങ്ങിയെന്നാണ് എം പിയെ പരാമര്‍ശിച്ച് പോസ്റ്റര്‍ ഇറങ്ങിയ്. സാധാരണ പാർടി പ്രവർത്തകരെ വഞ്ചിച്ച് പണച്ചാക്കുകളുടെ നോട്ട് വാങ്ങി സാധാരണ പ്രവര്‍ത്തകരെ വഞ്ചിക്കുന്നവര്‍ കോണ്‍ഗ്രസിന് അപമാനമാണെന്നും സേവ് ഫോറം പറയുന്നു. ഇതിനിടെ വാര്‍ത്താചാനലുകളിലും പ്രസ്താവനയുമായി പ്രദേശിക നേതാക്കളെത്തി. പഞ്ചായത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിബൽ അടിമാലി പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിബലായി പത്രിക നല്‍കി.

കോണ്‍ഗ്രസ്, ലീഗ് നേതാക്കളോടൊപ്പമെത്തിയാണ് പതിനൊന്നാം വാര്‍ഡില്‍ ഇയാള്‍ പത്രിക നല്‍കിയത്. ഇതിനിടെ കൂറ് മാറ്റത്തിന് ഒപ്പം നില്‍ക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത സ്വതന്ത്ര അംഗത്തിന് സീറ്റ് നിഷേധിച്ചതോടെ ഇയാള്‍ 22–ാം വാര്‍ഡില്‍ റിബലായി പത്രിക നല്‍കി. പത്രിക നല്‍കാനുള്ള അവസാന തീയതിയും കഴിഞ്ഞതോടെ അവസരം നഷ്ടമായവര്‍ കോണ്‍ഗ്രസ്, ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഒരു വാര്‍ഡില്‍ മൂന്ന് മുതല്‍ എട്ട് പേര് വരെയാണ് സ്ഥാനാർഥിത്വത്തിനായി കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ വാര്‍ഡിലുള്ളവരെ ഒഴിവാക്കി മറ്റ് വാര്‍ഡുകളിലുള്ള നേതാക്കള്‍ അവരവര്‍ക്ക് വേണ്ടി ജില്ലാ സംസ്ഥാന നേതാക്കളെ ഉപയോഗിച്ച് സീറ്റ് തരപ്പെടുത്തിയെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ പറയുന്നത്. വാര്‍ഡില്‍ സ്ഥാനാര്‍ഥിയാകാന്‍ അഖിലേന്ത്യാ നേതാക്കളെ പോലും ബന്ധപ്പട്ടവരുണ്ടെന്നാണ് ആരോപണം. അഞ്ച് വര്‍ഷം ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാതിരിക്കുകയും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സീറ്റീനായി പണകെട്ടുകളുമായി എത്തുകയും ചെയ്യുന്നവരെ പാഠം പടിപ്പിക്കുമെന്നാണ് ഭൂരിപക്ഷം വാര്‍ഡ് കമ്മിറ്റികളും പ്രതികരിച്ചത്. അടിമാലിയില്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഭിന്നതയിലമർന്ന യുഡിഎഫിന്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍പോലും പ്രവര്‍ത്തകരെ കൂട്ടാനായില്ല. തനിയെ വന്ന് പത്രിക നല്‍കി മടങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളെയാണ് അടിമാലിയിൽ കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home