വാഗ്ദാന ലംഘനം
ദുരന്തബാധിതരുടെ നിലവിളി കേൾക്കാതെ സർക്കാർ

അടിമാലി ലക്ഷംവീട് നഗറിലെ ദുരന്തബാധിതർ അടിമാലി പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ച രാപ്പകൽ സമരം

സ്വന്തം ലേഖകൻ
Published on Jul 05, 2026, 12:15 AM | 2 min read
അടിമാലി
ലക്ഷംവീട് ദുരന്തബാധിതരുടെ രോദനങ്ങൾക്ക് വില കൽപ്പിക്കാതെ സർക്കാർ. പുനരധിവാസത്തിന് കൈക്കുഞ്ഞുങ്ങളുമായി 11 ദിവസമായി രാപകല്‍ നടത്തുന്നവരോട് കാണിക്കുന്നത് തികഞ്ഞ അവഗണന. അപകടകരമായ ദേശീയപാതയോരത്ത് സുരക്ഷിതത്വം ഒന്നുമില്ലാതെയാണ് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സമരമിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമര കേന്ദ്രത്തിലെത്തിയ എംപിയും എംഎൽഎയും പറഞ്ഞത് എല്ലാം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും സമരം അവസാനിപ്പിക്കണമെന്നുമാണ്. അതിനപ്പുറം തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാനുള്ള നടപടിയൊന്നു സ്വീകരിക്കുന്നില്ലെന്ന് സമരക്കാര്‍ പറഞ്ഞു. ഇനിയും പറഞ്ഞ് പറ്റിക്കാനാകില്ല, പുനരധിവാസം നടപ്പാക്കാതെ പിന്മാറില്ല, ഉന്നത റവന്യൂ ഉദ്യോഗസ്ഥരടക്കം ദിവസവും സമരപ്പന്തലിന് മുന്നിലൂടെയാണ് പോകുന്നത്, തങ്ങളുടെ ആവലാതികൾ കേൾക്കാൻ ആരും ഇവിടേയ്‍ക്ക് വന്നിട്ടില്ല, അവര്‍ പറഞ്ഞു.
സമാനതകളില്ലാത്ത ദുരന്തം
കഴിഞ്ഞ ഒക്ടോബര്‍ 25നായിരുന്നു ലക്ഷംവീട് നഗറില്‍ മലയിടിഞ്ഞത്. എട്ടുവീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായി. ഒരാള്‍ കൊല്ലപ്പെട്ടു. എട്ട് കുടുംബങ്ങൾ കെഎസ്ഇബിയുടെ ക്വാർട്ടേഴ്സിലും 17കുടുംബങ്ങൾ വാടകയ്ക്കുമാണ് താമസം. ലക്ഷംവീട് സംരക്ഷണസമിതി മുമ്പ് കരാർ കമ്പനിയുടെ യാർഡിന് മുന്നിൽ കുടിൽകെട്ടി സമരംചെയ്‍തിരുന്നു. അന്ന് അവിടെയെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് കലക്ടറുമായി നടത്തിയ ചർച്ചയിൽ വാടക കുടിശ്ശിക തീർക്കാൻ ധാരണയാക്കി. സമരപ്പന്തലിൽ തന്നെ അന്നത്തെ എംഎൽഎ അഡ്വ. എ രാജയുടെ സാന്നിധ്യത്തിൽ കുടിശ്ശികയായ ഏഴുലക്ഷം രൂപ പഞ്ചായത്തിന് കൈമാറി. 29 കുടുംബങ്ങളെയാണ് ഇൻഷുറൻസ് പരിരക്ഷയോടെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാർ മാറിയതോടെ വാടക കുടിശ്ശികയായി, പുനരധിവാസം അട്ടിമറിക്കപ്പെട്ടു.
10 ലക്ഷം വീതം
പുനരധിവാസം ഉറപ്പാക്കാൻ 10ലക്ഷം വീതമാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി വീട് നിർമിക്കാനുള്ള പദ്ധതി തയ്യാറാക്കാനാണ് കലക്ടറോട് സർക്കാർ നിർദേശിച്ചിരുന്നത്. സ്ഥലം കണ്ടെത്തേണ്ടത് പഞ്ചായത്താണ്. എന്നാല്‍ ഇപ്പോള്‍ വാടകയുമില്ല, വീടുമില്ല, ഭൂമിയുമില്ല. പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് 10ലക്ഷം രൂപയാണ് ധനസഹായം അനുവദിച്ചത്. ദുരിതബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും 10,000 രൂപവീതം ഒറ്റത്തവണ ധനസഹായവുമുണ്ടായിരുന്നു. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായവും അനുവദിച്ചാണ് മാർച്ചിൽ ഉത്തരവിറക്കിയത്.
കലക്ടറുടെ റിപ്പോര്‍ട്ട്
ദുരന്തബാധിതരെ സംബന്ധിച്ച വിശദറിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിന് നല്‍കുന്ന മുറക്കാണ് വിവിധ വ്യവസ്ഥകള്‍ പ്രകാരം ധനസഹായ വിതരണം ഉണ്ടാവുകയെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ വന്നതോടെ ഇക്കാര്യത്തിൽ തുടർ നടപടികളുണ്ടായില്ല. ഇതോടെ കുടുംബങ്ങളുടെ പുനരധിവാസം അട്ടിമറിക്കപ്പെട്ടു. റെഡ്സോണായി പ്രഖ്യാപിച്ച, ഇപ്പോഴും വിള്ളലുകളും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്ന ഇതേ സ്ഥലത്ത് കുടുംബങ്ങളെ വീണ്ടും പുനരധിവസിപ്പിക്കുകയെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് കുടുംബങ്ങള്‍ പറയുന്നു.











0 comments