ad
Deshabhimani

കാഴ്‍ചയൊരുക്കി കുതിരകുത്തി മല

കണ്‍മുന്നില്‍ "കുതിരക്കുളമ്പടി'

kuthirakuthi

കുതിരകുത്തിയിൽനിന്നുള്ള ദൃശ്യം

avatar
ടി കെ സുധേഷ്‍കുമാര്‍

Published on Aug 21, 2025, 12:15 AM | 1 min read

അടിമാലി

മിഴിയിണകള്‍ക്ക് പുഞ്ചിരി സമ്മാനിക്കുന്ന അനന്തമായ കാഴ്‍ചകള്‍ ഒരുക്കി തിക്കും തിരക്കുമൊഴിഞ്ഞൊരു മലയോരം. സായാഹ്ന വെളിച്ചം പ്രഭയേകുന്ന കാഴ്‍ചക്കൂടാരം. കാണുന്നവര്‍ കണ്ടെത്തുന്ന കാഴ്‍ചയുടെ പുതുതലങ്ങള്‍. ഇതൊക്കെയാണ് കുതിരകുത്തി മല. മനോഹരമായ കുന്നിൻ ചരിവുകളും വ്യൂ പോയിന്റും എക്കോ പോയിന്റുമാണ് നമ്മേ ക്ഷണിക്കുന്നത്. ​കേറാം കുതിരകുത്തി നേര്യമംഗലം വാളറ വനത്തിലൂടെ സുഖകരമായ യാത്രയ്‍ക്ക് ശേഷം ചീയപ്പാറ, വാളറക്കുത്ത് വെള്ളച്ചാട്ടങ്ങള്‍ കണ്ട് മനനിറഞ്ഞെത്തുന്നത് ദേവിയാര്‍ പുഴയോരത്തേക്ക്. പുഴയ്ക്ക് കുറുകേയുള്ള തൊട്ടിയാര്‍ തടയണയ്‍ക്ക് സമീപത്തുനിന്നും കുതിരകുത്തിയിലേക്ക് കയറാം. കോളനിപാലം വഴി പത്താംമൈലില്‍നിന്നും കോളനി മുക്കിലെത്തിയും ഇവിടേക്കെത്താം. ദേശീയപാതയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കണം മലയടിവാരത്തെത്താൻ. പാറയിടുക്കിലൂടെയും തെരുവ പുല്ല് വകഞ്ഞുമുള്ള യാത്ര കൗതുകകരം. ​കാണണ്ടേ കാഴ്‍ചകള്‍ കുതിരയുടെ കാല്‍പ്പാദത്തിന് സമാനമായ അടയാളങ്ങള്‍ പാറകളിലുണ്ട്. അതിനാലാണ് മലയ്‍ക്ക് കുതിരകുത്തിയെന്ന് പേര് വന്നതെന്ന് പഴമക്കാര്‍ പറയുന്നു. മലമുകളിലെത്തിയാല്‍ വ്യൂ പോയിന്റും എക്കോ പോയിന്റും. താഴേയ്‍ക്ക് നോക്കിയാല്‍ പാലരുവി പോലെ പെരിയാര്‍. കൈവഴിയായ ലോവര്‍ പെരിയാറും മലനിരകളും വനവുമെല്ലാം അടുത്തുകാണാം. രണ്ട് ജലവൈദ്യുത പദ്ധതികളും പെരിയാറിന്റെ തീരത്താണ്. സായംസന്ധ്യ മലയിലെ കാഴ്‍ചകള്‍ക്ക് മറ്റൊരു മുഖമേകും. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ എറണാകുളം നഗരത്തില്‍ മിന്നിമറയുന്ന വെളിച്ചം കാണാം. ആദിവാസി സമൂഹത്തിന്റെ പുരാതന ആരാധനാലയമായ കാട്ടമ്പലവും ഇവിടെയാണ്. വരയാടുകളെയും കണ്ടെത്തിയിട്ടുണ്ട്. ചിന്നപ്പാറ വരയാറ്റുമുടിയില്‍നിന്നാണ് ഇവയെത്തുന്നതെന്നാണ് വിവരം. ആവശ്യമായ പരിഗണന നല്‍കിയാല്‍ വിനോദസഞ്ചാരികളുടെ പറുദീസയാകാൻ സാധ്യതയുള്ള ഇടമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home