ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; 4 പേർക്ക് പരിക്ക്

തീപിടിച്ച കാർ
നെടുങ്കണ്ടം
എഴുകുംവയലില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. നാലുപേർക്ക് പരിക്ക്. തോലാനിയിൽ ജിയോ ജോര്‍ജിന്റെ കാറാണ് കത്തിയത്. വാഹനം ഓടിച്ചിരുന്ന ജിയോ(47), മുന്‍സീറ്റില്‍ ഇരുന്ന മകള്‍ ഓഷിൻ എന്നിവർക്ക് പൊള്ളലേറ്റു. ജിയോയ്‌ക്കൊപ്പം ഭാര്യ അനു(44), മക്കളായ ഓഷിന്‍(16), മിഷേല്‍(15), ജോര്‍ജുകുട്ടി(12), അനുവിന്റെ അമ്മ ആലീസ് ജോസഫ്(65) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ശനി പുലര്‍ച്ചെ 5.30ന് എഴുകുംവയൽ പള്ളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കീച്ചേരിപ്പടി -കോടാലിക്കവല റോഡില്‍ കീച്ചേരിപ്പടിക്ക് സമീപം കയറ്റം കയറുന്നതിനിടെ നിന്നുപോയ വാഹനം പുറകോട്ട് ഉരുളാന്‍ തുടങ്ങിയതോടെ വഴിയരികിലേക്ക് നിർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാറിന്റെ മുൻഭാഗത്തുനിന്ന് തീ ഉയരുകയായിരുന്നു. ഉടന്‍ തന്നെ കാറില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങി. വാഹനത്തില്‍നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെ നിലത്തു വീണും കുട്ടികള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ നെടുങ്കണ്ടം അഗ്നിരക്ഷാസേനയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും നശിച്ചു. വാഹനത്തിന്റെ വൈദ്യുതി തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.









0 comments