ad
Deshabhimani

ഈറ്റത്തണ്ടുകളിൽ ജീവിതം നെയ്യുന്നവർ

നെയ്യുന്ന അമ്മ

രാജേശ്വരിയമ്മ കുട്ടനെയ്യുന്നു

avatar
ടി കെ സുധേഷ്‍കുമാര്‍

Published on Sep 15, 2025, 12:15 AM | 1 min read

അടിമാലി

കൊച്ചി–മധുര ദേശീയപാതയിലൂടെ സഞൂടെ സഞ്ചരിക്കുമ്പോൾ അടിമാലിക്കടുത്ത്‌ മച്ചിപ്ലാവിൽ യാത്രക്കാരന്റെ കണ്ണുപതിയുന്ന ഒരു കാഴ്ചയുണ്ട്, റോഡരികിൽ നിരത്തിവച്ച, പ്രകൃതിദത്തമായ ഇ‍ൗറ്റയിൽ തീർത്ത കുട്ടകളും മുറങ്ങളും. തലമുറകൾ പകർന്നുനൽകിയ കരവിരുതിൽ രാജേശ്വരിയമ്മ എൺപതാം വയസ്സിലും ഇവിടെ ജീവിതം നെയ്‌തെടുക്കുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ മുമ്പാണ് തമിഴ്നാട്ടിലെ മധുരയില്‍നിന്ന്‌ ഏതാനും കുടുംബങ്ങള്‍ മുന്തിരിക്കൂടകള്‍ നിര്‍മിക്കാനായി മച്ചിപ്ലാവിലെത്തുന്നത്.

പിന്നീട് ബന്ധുക്കളും അയല്‍വാസികളുമടക്കം അന്പതോളം കുടുംബങ്ങള്‍ ഇതേ തൊഴിലിനായി ചാറ്റുപാറ, മച്ചിപ്ലാവ് പ്രദേശങ്ങളിലേക്ക്‌ കുടിയേറി. മുന്തിരിക്കുട്ടകള്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് വഴിമാറിയതോടെ ഏറെപേര്‍ മറ്റ് തൊഴിലുകള്‍ തേടി. രാജേശ്വരിയമ്മയും ഏതാനും കുടുംബങ്ങളുമാണ്‌ ഉപജീവനത്തിനായി കുട്ടനെയ്‌ത്തുതന്നെ തുടർന്നുപോന്നത്‌. ഇ‍ൗറ്റകൊണ്ടുള്ള മുന്തിരിക്കുട്ടകൾക്കുപുറമേ മുറവും കരകൗശലവസ്‌തുക്കളും നിര്‍മിച്ച് പുതിയ മേഖലകള്‍ കണ്ടെത്തുകയാണ് അവശേഷിക്കുന്ന തൊഴിലാളികള്‍. ഈറ്റ, മുള, ചൂരല്‍ തുടങ്ങിയവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ്‌ നിർമിക്കുന്നത്‌. ദേശീയപാതയോരത്ത്‌ വിനോദ സഞ്ചാരികളെ ആശ്രയിച്ചുള്ള കച്ചവടമാണ്. കുട്ട, മുറം, പനമ്പ്, തഴപായ്, പൂക്കൂടകള്‍, മീന്‍ കുട്ടകള്‍, മീന്‍ കോര് കുട്ടകള്‍, വല്ലം തുടങ്ങിവയെല്ലാം മെടഞ്ഞെടുക്കുന്നു. കുട്ടള്‍ക്ക് 80 മുതല്‍ 280 വരെയാണ് വില. 300 മുതലാണ് പനമ്പിന്റെ വില. ഒരുകെട്ട് ഈറ്റ ലഭിക്കണമെങ്കില്‍ 350 രൂപയോളം നല്‍കണം. മുന്‍കാലങ്ങളില്‍ ഈറ്റവെട്ട് തൊഴിലാളികള്‍ എത്തിച്ച് കൊടുക്കുമായിരുന്നു. ഇന്ന് വനത്തിനുള്ളില്‍നിന്ന്‌ ഈറ്റ ശേഖരിക്കണമെങ്കില്‍ വനംവകുപ്പ് അനുമതി നല്‍കണം. ചാറ്റുപാറകുടി, തട്ടേക്കണ്ണന്‍, ചൂരക്കെട്ടന്‍, തലനിരപ്പന്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ്‌ ഇപ്പോൾ ഈറ്റ ലഭിക്കുന്നത്. സഞ്ചാരികളുടെ കണ്ണുകളിലെ ക‍ൗതുകമാണ്‌ രാജേശ്വരിയമ്മ അടക്കമുള്ളവരുടെ ജീവിതവെളിച്ചം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home