പാലം വേണം, പാഴ്‌വാക്ക് വേണ്ട

കൊറത്തി ഉന്നതിയില്‍ പുഴ കടക്കാൻ പാടുപെടുന്നവർ

സ്വന്തം ലേഖകൻ
Published on Aug 19, 2025, 12:00 AM | 1 min read
അടിമാലി
കൊറത്തി ഉന്നതിയില്‍ പാലം വേണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞ് അടിമാലി പഞ്ചായത്ത്. ഉന്നതിയിലെ 40 കുടുംബങ്ങളാണ് പുഴനിറയുന്നതോടെ ഒറ്റപ്പെടുന്നത്. പുഴയില്‍ വെള്ളം നിറഞ്ഞാല്‍ മറുകരെയെത്താന്‍ മാര്‍ഗമില്ല. മരത്തടി ഉപയോഗിച്ച് നിര്‍മിച്ച താൽക്കാലിക പാലത്തിലൂടെയായിരുന്നു ഇവരുടെ സഞ്ചാരം. എന്നാല്‍ മഴ ശക്തമായതോടെ പാലം വെള്ളത്തിലായി. യുഡിഎഫ് ഭരണസമിതിയുടെ അനാസ്ഥയാണ് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. ഒന്നാംവാര്‍ഡിന്റെ ഭാഗമായ വിദൂര ആദിവാസി ഉന്നതിയാണ് കൊറത്തിക്കുടി. ദീര്‍ഘനാളായുള്ള ഇവരുടെ ആവശ്യം പരിഗണിക്കാന്‍പോലും പഞ്ചായത്ത് തയ്യാറായിട്ടില്ല.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിൽ യുഡിഎഫ് അംഗങ്ങളാണ് പ്രതിനിധികൾ. ഗ്രാമസഭകളിലടക്കം പരാതിയും അപേക്ഷകളും നല്‍കിയിട്ട് പരിഹാരമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ ഭാഗമായി പാലത്തിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ പാലത്തിനായി പഞ്ചായത്ത് ഫണ്ട് മാറ്റിവച്ചിട്ടുണ്ടെന്നുകാട്ടി കോണ്‍ഗ്രസ് പഞ്ചായത്തംഗം ഇത് മുടക്കി. അഡ്വ. എ രാജ എംഎല്‍എ അനുവദിച്ച 10 ലക്ഷം ഉപയോഗിച്ച് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. എന്നാൽ പഞ്ചായത്തിന്റെ അനാസ്ഥമൂലം 40 കുടുംബങ്ങൾ ഇപ്പോഴും സമൂഹത്തിന്റെ മറുകരയിലാണ്. പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി പാലം നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമരം ആരംഭിക്കുമെന്നും ഉന്നതി നിവാസികള്‍ പറഞ്ഞു.










0 comments