ad
Deshabhimani

മന്ത്രിസഭാ യോഗങ്ങൾ പലത് കഴിഞ്ഞു

ദുരന്തബാധിതർ അന്തിയുറങ്ങുന്നത് പഞ്ചായത്ത് ഓഫീസ് വരാന്തയില്‍

അടിമാലി

അടിമാലി പഞ്ചായത്ത് ഓഫീസ് വരാന്തയിൽ ലക്ഷംവീട് ദുരന്തബാധിതരുടെ സമരം

വെബ് ഡെസ്ക്

Published on Aug 06, 2026, 12:15 AM | 1 min read

അടിമാലി : അടിമാലി ലക്ഷംവീട് നഗറിലെ ദുരന്തബാധിതർ അന്തിയുറങ്ങുന്നത് അടിമാലി പഞ്ചായത്ത് ഓഫീസ് വരാന്തയിൽ. 42 ദിവസമായി അതിജീവന പോരാട്ടത്തിലാണിവര്‍. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂൺ 25 നാണ് സമരം ആരംഭിച്ചത്.


കൈക്കുഞ്ഞുങ്ങളും ഗർഭിണിയും രോഗികളും പ്രായമായവരും വിദ്യാര്‍ഥികളുമടക്കമുള്ളവരാണ് അവകാശത്തിനായി പോരാടുന്നത്. കേണപേക്ഷിച്ചിട്ടും കണ്ണുതുറക്കാത്ത സർക്കാരെ ഞങ്ങൾ എവിടെ ജീവിക്കും, അന്തിയുറങ്ങാൻ ഇടംതരൂ എന്നപേക്ഷിച്ചാണ് സമരം.


ഇതിനിടെ സമര കേന്ദ്രത്തിലെത്തിയ എംപിയും എംഎൽഎയും അടക്കമുള്ള യുഡിഎഫ് ജനപ്രതിനിധികൾ അടുത്ത മന്ത്രിസഭാ യോഗം നിങ്ങളെ പരിഗണിക്കുമെന്ന് വാഗ്ദാനം നൽകി. പിന്നീട് മൂന്ന് മന്ത്രിസഭായോഗം കഴിഞ്ഞു. തീരുമാനമാകാത്തതോടെ അനിശ്ചിതകാലസമരം പട്ടിണി സമരമായി. വീണ്ടും സമര കേന്ദ്രത്തിലെത്തിയ എംഎല്‍എ അടുത്ത മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കി. ഇതോടെ പട്ടിണി സമരം അവസാനിപ്പിച്ചു. എങ്കിലും അനിശ്ചിതകാലം സമരം തുടര്‍ന്നു. എന്നാല്‍ ബുധനാഴ്‍ച നടന്ന യോഗത്തിലും പരിഗണിച്ചില്ല. സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയില്‍ സമര കേന്ദ്രത്തില്‍ ഭക്ഷണവും ഇവര്‍ തയ്യാറാക്കിയില്ല.


സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് കുടുംബങ്ങൾ പറഞ്ഞു. മുമ്പ് ദുരന്തമേഖലയിൽ ദേശീയപാതയോരത്താണ് കുട്ടികളടക്കമുള്ള കുടുംബാംഗങ്ങൾ സമരം ആരംഭിച്ചത്. പിന്നീട് ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ പഞ്ചാത്ത് ഓഫീസിലേക്ക് മാറ്റുകയായിരുന്നു. പുനരധിവാസം ഉറപ്പാക്കാൻ 10ലക്ഷം വീതമാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്. അനുയോജ്യമായ സ്ഥലത്ത് വീട് നിർമിച്ച് കൊടുക്കാനുള്ള പദ്ധതി തയ്യാറാക്കാനാണ് കലക്ടറോട് നിര്‍ദേശിച്ചിരുന്നത്. സ്ഥലം കണ്ടെത്തേണ്ടത് പഞ്ചായത്താണ്. ഇതുവരെ പഞ്ചായത്തിനിത് സാധ്യമായിട്ടില്ല.


കഴിഞ്ഞ ഒക്ടോബര്‍ 25 നായിരുന്നു ലക്ഷംവീട് നഗറില്‍ മലയിടിഞ്ഞ് നാശം സംഭവിച്ചത്. എട്ട് വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായി. ഒരാള്‍ മരിച്ചു. നിലവിൽ എട്ട് കുടുംബങ്ങൾ കെഎസ്ഇബിയുടെ ക്വാർട്ടേഴ്സിലും 17 കുടുംബങ്ങൾ വാടകയ്ക്കുമാണ് താമസിക്കുന്നത്. സർക്കാർ മാറി വന്നതോടെ പുനരധിവാസ പദ്ധതി അട്ടിമറിക്കപ്പെട്ടെന്ന ആക്ഷേപം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home