ad
Deshabhimani

മഴയിലും ചോരാത്ത ആവേശം

സഞ്ചാരിത്തിരക്കിൽ റിപ്പിൾ വെള്ളച്ചാട്ടം

ശ്രീനാരായണപുരം വെള്ളച്ചാട്ടം

ജാക്കാട് ശ്രീനാരായണപുരം റിപ്പിൾ വെള്ളച്ചാട്ടം

avatar
സ്വന്തം ലേഖകൻ

Published on Aug 06, 2025, 12:15 AM | 1 min read

ഇടുക്കി

രാജാക്കാട് ശ്രീനാരായണപുരം റിപ്പിൾ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്. 100 മീറ്ററിലധികം വീതിയിൽ താഴേയ്‌ക്ക്‌ പതിക്കുന്ന ജലപാതത്തിന്റെ ഭംഗി മഴക്കാലത്ത്‌ ഇരട്ടിയാകും. വിദേശികളുൾപ്പെടെ 500ലധികം പേരാണ് ദിവസവും ഇവിടെയെത്തുന്നത്. തട്ടുകളായുള്ള അഞ്ചു വെള്ളച്ചാട്ടങ്ങളാണ് ശ്രീനാരായണപുരത്തിന്റെ സവിശേഷത. 150 അടിയോളം താഴ്‌ചയുള്ള വെള്ളച്ചാട്ടമാണ്‌ ഇതിൽ വലുത്‌. കുളിരുപകരുന്ന അന്തരീക്ഷവും കാറ്റുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്‌. ജൂൺ, ജൂലൈ മാസങ്ങളിലായി 30,000 ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. അഞ്ച് മുതൽ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്. ടിക്കറ്റ് ഇനത്തിൽ ഈ സീസണിൽ ഇതിനകം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്(ഡിടിപിസി) എട്ടുലക്ഷം രൂപ ലഭിച്ചു. സഞ്ചാരികൾക്കായി കരിങ്കല്ലുകൊണ്ടു തീർത്ത പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ‘ഇൻസ്റ്റലേഷൻ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് സെവൻ ലൊക്കേഷൻസ്’ പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിലും ഫ്രെയിംസ് സ്ഥാപിച്ചിരുന്നു.

റിപ്പിൾ വെള്ളച്ചാട്ടത്തിന്റെ പ്രവർത്തനങ്ങൾക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡിടിപിസി വിനിയോഗിച്ചിരിക്കുന്നത്. സഞ്ചാരികൾക്ക് സുഗമമായി വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കാൻ 11 ജീവനക്കാർ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നു. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ് പ്രവർത്തന സമയം. കൊച്ചി-–ധനുഷ്‌കോടി ദേശീയപാതയിൽ കുഞ്ഞിത്തണ്ണി വഴി രാജാക്കാട്ടേക്കുള്ള വഴിയിലാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌. പന്നിയാർകുട്ടിയിൽനിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. അടിമാലി-–കല്ലാർകുട്ടി വഴിയും ഇങ്ങോട്ടേക്കെത്താം. തേക്കിൻകാനത്ത് നിന്ന് 1.5 കിലോമീറ്റർ അകലെ മുതിരപ്പുഴയാറിൽ പരസ്പരം അടുക്കി വച്ചിരിക്കുന്ന അഞ്ച് വെള്ളച്ചാട്ടങ്ങളും ഇവിടേയ്ക്കെത്തുന്നവർക്ക് കാഴ്ചവിരുന്നൊരുക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home