കടയ്ക്കാവൂരിൽ യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി

അനു
ചിറയിൻകീഴ്
കടയ്ക്കാവൂർ ചാവടിമുക്കിൽ പട്ടാപ്പകൽ യുവതിയുടെ വലത് കൈപ്പത്തി സുഹൃത്ത് അറുത്തുമാറ്റി. കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ വിജിമോൾക്കാ (35)ണ് വെട്ടേറ്റത്. ഇടതു കൈക്കും കാലിനും കഴുത്തിലും തലയിലും വെട്ടേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബുധൻ പകൽ 2.30ന് കടയ്ക്കാവൂർ ചാവടിമുക്ക് വെളിവിളാകം റോഡിൽവച്ചായിരുന്നു ആക്രമണം. സംഭവത്തിൽ അഞ്ചുതെങ്ങ് കായിക്കര കൊച്ചുചാത്തിയോട് വീട്ടിൽ അനുവിനെ (38) കടയ്ക്കാവൂർ പൊലീസ് പിടികൂടി. 12 വർഷമായി ഇരുവരും കടയ്ക്കാവൂർ ഗാന്ധിമുക്കിൽ വാടകയ്ക്ക് താമസിക്കുകയാണ്. വെളിവിളാകത്തിനു സമീപം വെൽഡിങ് വർക്ക്ഷോപ്പിലെ തൊഴിലാളിയാണ് അനു. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് വിജി. യുവതി ജോലിക്ക് പോകുന്നതിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. രണ്ടുദിവസം മുമ്പാണ് അവധിയെടുത്ത് വിജി വീട്ടിലെത്തിയത്. ബുധൻ പകൽ ബാങ്കിൽ പോയ വിജിയെ വെൽഡിങ് വർക്ക്ഷോപ്പിലേക്ക് അനു വിളിച്ചുവരുത്തി. കൈയിൽ കരുതിയ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഭവശേഷം വിജിയുടെ സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ വർക്കല മുത്താനയ്ക്ക് സമീപത്തുനിന്ന് കടയ്ക്കാവൂർ പൊലീസ് പിടികൂടി. പരിക്കേറ്റ വിജിയെ പൊലീസെത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ വർഷം സെപ്തംബർ നാലിന് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ അനു വിജിയെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. തലയ്ക്കും കൈകാലുകളിലും പരിക്കേറ്റ വിജി ഏറെ നാൾ ചികിത്സയിലായിരുന്നു. സംഭവത്തിൽ പിടിയിലായ അനു റിമാൻഡിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.










0 comments