ഇതിലൂടെയും ‘നന്നായി' വാഹനമോടിക്കാം

കഴക്കൂട്ടം– ആറ്റിൻകുഴി സ്മാർട്ട് സിറ്റി റോഡ്
എസ് ഒ ദിനു
Published on Nov 30, 2025, 12:00 AM | 1 min read
കഴക്കൂട്ടം
ചെറിയൊരു മഴപെയ്താൽ തന്നെ വെള്ളക്കെട്ടിൽ മുങ്ങി കാൽനടയാത്ര പോലും ദുഷ്കരമായിരുന്ന ഞങ്ങൾക്ക് ഇനി സ്മാർട്ടായി നടക്കാമെന്ന് ടെക്നോപാർക്ക് ജീവനക്കാരൻ വൈശാഖ്. സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ച് കല്ലും കുഴിയുമായിരുന്നു. ഒപ്പം മഴകൂടി പെയ്താൽ റോഡിലെ യാത്ര വലിയൊരു ടാസ്കായിരുന്നു. ഓട്ടോറിക്ഷ ഓടിച്ച് പോകുവാൻത്തന്നെ പേടിയായിരുന്നു. ഓട്ടോയ്ക്ക് ആഴ്ചതോറും പണിയും. കിട്ടുന്ന കാശു മൊത്തവും വർക്‌ഷോപ്പിൽ കൊടുക്കണം. ആ അവസ്ഥ ഇപ്പോൾ മാറി. സ്മാർട്ടായി വാഹനമോടിച്ച് പോകാമെന്ന് തുമ്പ സ്വദേശി ടി എസ് ശ്യാമും പറയുന്നു. കഴക്കൂട്ടം ആറ്റിൻകുഴി റോഡിൽ മഴപെയ്താൽ ഹോസ്റ്റൽ, വീട്, ഓഫീസ്, കടകൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽനിന്ന് വെള്ളമൊഴുകിയെത്തി രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുമായിരുന്നു. ഇരുചക്ര യാത്രക്കാരടക്കം മറിഞ്ഞ് വീണ് അപകടങ്ങളും പതിവായിരുന്നു. നഗരസഭ ഇടപെടലിലൂടെ ദുരിതം അകന്നു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ രണ്ട് കിലോമീറ്റർ അധികം നീളത്തിലാണ് റോഡ് നവീകരിച്ചത്. റോഡിന് ഇരുവശങ്ങളിലും ഓട നിർമിച്ചു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള റോഡ് നിർമാണം അന്തിമഘട്ടത്തിലാണ്. കാഴ്ച പരിമിതർക്ക് ടൈൽസ് പാകിയ നടപ്പാതകൾ. നടപ്പാതയ്ക്ക് കൈവരി, സൈക്കിൾ ട്രാക്ക്, മഴവെള്ളം ഒഴുകിപ്പോകുവാൻ പ്രത്യേക ഡ്രൈനേജ്, വാഹന യാത്രികർക്കായി ആന്റി ഗ്ലെയർ മീഡിയൻ, എൽഇഡി ലൈറ്റുകൾ തുടങ്ങിയ സംവിധാനങ്ങളിലാണ് റോഡ്. വാർട്ടർ പൈപ്പ് ലൈനുകൾ പ്രത്യേകയിടങ്ങളിലൂടെയാണ് കടന്നുപോകുന്നതിനാൽ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾക്ക് റോഡ് കുത്തിപ്പൊളിക്കാതെ നടത്താം.











0 comments