സ്വപ്നം മറുകര തൊടുമ്പോൾ

കുമ്പിച്ചൽക്കടവ് പാലം
അഖിലേഷ് ആനാവൂർ
Published on Feb 11, 2026, 12:00 AM | 2 min read
വെള്ളറട
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം. പുറംലോകത്തേക്ക് എളുപ്പത്തിൽ എത്തുകയെന്ന പ്രദേശവാസികളുടെ സ്വപ്നമാണ് എൽഡിഎഫ് സർക്കാർ കുമ്പിച്ചൽക്കടവ് പാലത്തിലൂടെ യാഥാർഥ്യമാക്കിയത്. ഒന്നാം പിണറായി സർക്കാർ ഭരണാനുമതി നൽകിയ പദ്ധതി നിരവധി തടസ്സങ്ങൾ തരണംചെയ്താണ് പൂർത്തിയാക്കിയത്. നെയ്യാർ ഡാമിന്റെ ജലസംഭരണി നിർമാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായതാണ് തൊടുമല ഗ്രാമം. അര നൂറ്റാണ്ടിലേറെ ഇവിടെ ഒറ്റപ്പെട്ടുപോയ കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല, തുടങ്ങി 11 ആദിവാസി ഊരുകളിലെ ആയിരത്തിലധികം കുടുംബങ്ങൾക്കും അമ്പൂരി നിവാസികൾക്കും പുറംലോകത്തേക്ക് എത്താൻ പഞ്ചായത്ത് ഏർപ്പാടാക്കിയ വള്ളം മാത്രമായിരുന്നു ആശ്രയം. പാലത്തിന് പലതവണ കല്ലിട്ടെങ്കിലും നിർമാണത്തിലേക്ക് എത്തിയില്ല. മഴക്കാലമായാല്‍ യാത്ര ദുഃസ്സഹമാകും. നാൾവഴി സംസ്ഥാനത്ത് നദിക്കു കുറുകേ നിർമിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണിത്. കിഫ്ബി ഫണ്ടിൽനിന്ന് 24.71 കോടി ചെലവിലാണ് നിർമാണം. 1990ൽ പ്രദേശവാസികൾ ആസൂത്രണ ബോർഡിനെ സമീപിച്ചു. ഒടുവിൽ സി കെ ഹരീന്ദ്രൻ എംഎൽഎ ഇടപെട്ട് ബജറ്റിൽ തുക വകയിരുത്തി 2021ൽ നിർമാണം ആരംഭിച്ചു. നെയ്യാർ ഡാം വന്യജീവി സംരക്ഷണ മേഖലയുടെ ഭാഗമായതിനാൽ കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ടിയിരുന്നു. എംഎൽഎയുടെ ഇടപെടലുകൾ ഫലംകണ്ടതോടെ ദ്രുതഗതിയിൽ നിർമാണം പൂർത്തിയാക്കി. 253.4 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം ഏഴ് സ്പാനുകളിലായാണ് നിർമിച്ചത്. ഭൂനിരപ്പിൽനിന്ന് 12.5 മീറ്റർ ഉയരത്തിലാണ്. വിനോദസഞ്ചാര ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ കടന്നുപോകാം. ടൂറിസം വകുപ്പിന്റെ ബ്രിഡ്ജ് ടൂറിസം പദ്ധതിയിലും ഉൾപ്പെടുത്തി. കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്കുള്ള ബോട്ടിങ്, അമിനിറ്റി സെന്റർ എന്നിവയുമുണ്ട്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന് പുറമെ ഇരുവശത്തും കടവിലേക്ക് നാലുമീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുണ്ട്. ഇരുവശത്തും ഫുട്പാത്തുമുണ്ട്. വരുന്നു വീ പാർക്ക് പാലത്തിന്റെ തൂണുകൾക്കിടയിൽ നിർമിക്കുന്ന വീ പാർക്കിന് ടൂറിസം വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിരുന്നു. നിർമാണ പ്രഖ്യാപനം ഉടനുണ്ടാകും. പൊതുമരാമത്ത്– വിനോദ സഞ്ചാര വകുപ്പുകൾ ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നോഡൽ ഏജൻസി. പ്രവർത്തന മേൽനോട്ടം ഡിടിപിസി.
പുതിയ ജോലി പ്രതീക്ഷിച്ച് ഷാജി
പാലം ഉദ്ഘാടനത്തിന്റെ സന്തോഷത്തിൽ പങ്കാളിയാകാൻ കടത്തുകാരൻ ഷാജിയുമുണ്ട്. 28 വർഷമായി കടവിലെ വള്ളം തുഴയുന്ന ഷാജി കടത്തിവിട്ട പല കുട്ടികളും ഇന്ന് വലിയ ഉദ്യോഗസ്ഥരാണ്. നാട്ടുകാർക്ക് പാലത്തിലൂടെ കാൽനടയാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഷാജിയുടെ വള്ളംതേടിയെത്തുന്നവർ കുറവല്ല. പാലത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ പഞ്ചായത്ത് എന്തെങ്കിലും ജോലി നൽകുമെന്ന പ്രതീക്ഷയിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് ഇദ്ദേഹം.
ഉദ്ഘാടനം ഇന്ന്
പാലം ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രി ഒ ആർ കേളു മുഖ്യാതിഥി യാകും.










0 comments