ad
Deshabhimani

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ്‌ റോഡ്

പദ്ധതി വൈകിപ്പിച്ച കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളി പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 09, 2026, 12:30 AM | 1 min read

തിരുവനന്തപുരം

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ്‌ റോഡിനായി 1629.24 കോടി രൂപയുടെ ബാധ്യത കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഏറ്റെടുത്തിട്ടും പദ്ധതി വൈകിപ്പിച്ച കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളി പുറത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ദേശീയപാത അതോറിറ്റി വീണ്ടും ടെൻഡർ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്ന ദേശീയപാത അതോറിറ്റി ഒരു സമ്മർദവുമില്ലാതെ തന്നെ തുടർനടപടികളിലേക്ക് കടന്നു. വിദഗ്‌ധസമിതിയുടെ പഠനം പൂർത്തിയായില്ലെന്ന പേരിലാണ് കേന്ദ്രം പദ്ധതി വൈകിപ്പിച്ചത്. ഇതോടെ പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ 12,000ത്തിലധികം കുടുംബങ്ങളാണ് ദുരിതത്തിലായത്. കേന്ദ്രനടപടി വൈകുന്നതിനാൽ ഭൂ ഉടമകൾക്ക് വസ്‌തു പണയപ്പെടുത്തി വായ്‌പ എടുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. ഭൂ ഉടമകൾക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രാനുമതി ലഭിച്ചശേഷമേ വിതരണം ചെയ്യാനാകൂവെന്ന നിലപാടിലായിരുന്നു ദേശീയപാത അതോറിറ്റി. കഴിഞ്ഞവർഷം ഔട്ടർ റിങ്‌ റോഡിനായി പ്രാഥമിക വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്രസർക്കാർ നിർബന്ധം പിടിച്ചതോടെ പദ്ധതി നീണ്ടു. ഇതോടെ 1629.24 കോടി രൂപയുടെ അധികബാധ്യത സംസ്ഥാനം ഏറ്റെടുത്തത്. പദ്ധതി നീണ്ടതോടെ ആദ്യഘട്ട വിജ്ഞാപനം റദ്ദായി. സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ ആ​ഗസ്‌തിൽ അംഗീകാരവും നൽകി. ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാനമാണ് നൽകുക. പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് തവണ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടിരുന്നു. പലതവണ കത്തുകളും അയച്ചു. വിഴിഞ്ഞംമുതൽ നാവായിക്കുളംവരെ 62.7 കിലോമീറ്ററിൽ നാലുവരി പാതയാണ് നിർമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home