ad
Deshabhimani

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: ഡി കെ മുരളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2026, 11:38 PM | 1 min read

വെഞ്ഞാറമൂട്

വെഞ്ഞാറമൂടിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ മേൽപ്പാലം നിർമാണം സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി ഡി കെ മുരളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേൽപ്പാലം അശാസ്ത്രീയമാണെങ്കിൽ അത് തയ്യാറാക്കിയ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കെതിരെ അന്വേഷണം നടത്തണം. നിരവധി സാധ്യതാപഠനങ്ങളുടെയും വിദഗ്‌ധരുടെയും അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. നിരവധി പ്രതിസന്ധിഘട്ടങ്ങൾ തരണംചെയ്താണ് മേൽപ്പാലം നിർമാണം ആരംഭിച്ചത്. 2024 ഡിസംബർ 7 ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാർ ഒപ്പിട്ടു. പിഡബ്ല്യുഡിയുടെ മേൽനോട്ടത്തിൽ കെആർഎഫ്ബിക്കാണ് മേൽപ്പാല നിർമാണ ചുമതല. യൂട്ടിലിറ്റി ഷിഫ്റ്റിങ്‌ (കെഎസ്ഇബി), വാട്ടർ അതോറിറ്റി, ഭൂമി ഏറ്റെടുക്കൽ, ഭൂമിയിലെ കെട്ടിടങ്ങൾ എന്നിവയ്‌ക്കും ജിഎസ്‌ടിയും അടക്കം 107.62 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി 2025 മാർച്ചിൽ നൽകി. തുടർന്ന് പിഡബ്ല്യുഡിയുടെയും കിഫ്ബിയുടെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഫിനാൻസ് ചീഫ് ടെക്നിക്കൽ എക്സാമിനർ നേരിട്ടെത്തി പരിശോധിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച്‌ സർക്കാരിന്റെ അനുമതിക്കായി അയച്ചു. എന്നാൽ മാതൃകാ പെരുമാറ്റച്ചട്ടം വന്നതിനാൽ ഫയൽ മന്ത്രിസഭയിലേക്കെത്തിയില്ല. ഇപ്പോൾ ഫിനാൻസ് സെക്രട്ടറിയുടെ മുൻപിലുണ്ട്. കിഫ്ബിയുടെ ഈ ശുപാർശ മന്ത്രിസഭ അംഗീകരിച്ചാൽ മേൽപ്പാലവുമായി ബന്ധപ്പെട്ട ആശങ്കകളെല്ലാം മാറും. വസ്തുത ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നിലവിലെ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. അടിയന്തരമായി ഇടപെട്ട് ഫിനാൻസ് സെക്രട്ടറിയുടെ മുന്നിലുള്ള ഫയൽ മന്ത്രിസഭയെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഇടപെടലാണ് എംഎൽഎ ചെയ്യേണ്ടതെന്നും ഡി കെ മുരളി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബാബു രാജൻ, ജില്ലാ പഞ്ചായത്തംഗം പി വി രാജേഷ്, എസ് എം റാസി തുടങ്ങിയവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home