മുഖ്യമന്ത്രി ഇന്ന് കല്ലിടും
വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനം യാഥാർഥ്യമാകുന്നു

വട്ടിയൂർക്കാവ് ജങ്ഷനിലെ റോഡിന്റെ രൂപരേഖ
പാളയം
വട്ടിയൂർക്കാവ് ജങ്‌ഷന്റെയും അനുബന്ധ റോഡുകളുടെയും വികസന പദ്ധതിക്ക് ഞായർ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിടും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. വ്യാപാരികളുടെ പുനരധിവാസ പദ്ധതിയും ഇതോടൊപ്പം യാഥാർഥ്യമാക്കും. ശാസ്തമംഗലംമുതൽ മണ്ണറക്കോണംവരെയുള്ള ഒന്നാം റീച്ചിലെയും മണ്ണറക്കോണംമുതൽ പേരൂർക്കടവരെയുള്ള രണ്ടാം റീച്ചിലെയും സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. മണ്ണറക്കോണം– മുക്കോല മൂന്നാം റീച്ചിലെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. ജങ്ഷൻ വികസനത്തിന്റെ നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാകട് കോ ഓപറേറ്റീവ് സൊസെെറ്റിക്കാണ്. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസത്തിനായി വസ്തു ഏറ്റെടുക്കുന്നതിന് 89 കോടിയും അനുവദിച്ചു. 2.31 ഏക്കർ വസ്തുവാണ് പുനരധിവാസത്തിനായി ഏറ്റെടുത്തത്. കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കിയുള്ള പ്രഥമ കിഫ്‌ബി പദ്ധതി കൂടിയാണിത്. ബജറ്റിലൂടെ അനുവദിച്ച 9.25 കോടി രൂപ ചെലവിൽ പുനരധിവാസം ആവശ്യപ്പെട്ട 58 വ്യാപാരികൾക്ക് സമുച്ചയം നിർമിക്കും. ആർക്കിടെക്ട് ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് പുനരധിവാസ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയത്. വ്യാപാര സമുച്ചയം, സിനിമാ തിയറ്റർ, ബാങ്ക്വെറ്റ് ഹാൾ, ആംഫി തിയറ്റർ, ഫുഡ് കോർട്ട് മുതലായ സൗകര്യങ്ങൾ സമുച്ചയത്തിൽ ഉണ്ടാകും. ട്രിഡയ്ക്കാണ് നിർമാണച്ചുമതല.
നാടിന്റെ സ്വപ്ന പദ്ധതി
2020ൽ എൽഡിഎഫ് സർക്കാർ തുടക്കമിട്ട വട്ടിയൂർക്കാവ് ജങ്‌ഷൻ വികസന പദ്ധതി നാലുവർഷംകൊണ്ടാണ് സ്ഥലമേറ്റെടുത്ത് നിർമാണത്തിലേക്ക് കടക്കുന്നത്. എത്രയും വേഗം നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. സ്ഥലം വിട്ടുനൽകിയവർക്ക് മികച്ച രീതിയിൽ നഷ്ടപരിഹാരം നൽകി. വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് എല്ലാ സൗകര്യങ്ങളോടെയുമുള്ള സമുച്ചയവും ഇതോടൊപ്പം ഉയരും. പദ്ധതിക്കായി കിഫ്‌ബി 531 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.










0 comments