കുമ്പിച്ചൽക്കടവിൽ വരും വി പാർക്ക്

കുമ്പിച്ചൽക്കടവിൽ നിർമിക്കുന്ന വി പാർക്കിന്റെ രൂപരേഖ
അഖിലേഷ് ആനാവൂർ
Published on Nov 09, 2025, 12:03 AM | 1 min read
വെള്ളറട
കരിപ്പയാറിന്റെ തീരത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കുമ്പിച്ചൽക്കടവിൽ ഇനി വി പാർക്കും. പാലത്തിന്റെ താഴെ തൂണുകൾക്കിടയിൽ നിർമിക്കുന്ന പദ്ധതിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. കരാർ നടപടി പൂർത്തിയായശേഷം ഉടൻ നിർമാണം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പാലം സന്ദർശിക്കാൻ ദിവസേന നിരവധിപേരാണ് എത്തുന്നത്. കേരളത്തിൽ നദിക്ക് കുറുകെ നിർമിച്ചതിൽ ഏറ്റവും വലിപ്പമുള്ള പാലമാണ് കുമ്പിച്ചൽക്കടവ് പാലം. ആദിവാസി ഉന്നതികളെ അമ്പൂരിയുമായി ബന്ധിപ്പിക്കുന്ന പ്രധാന മാർഗം കൂടിയാണിത്. അടുത്തിടപഴകാനാകാത്ത ഒരു ദ്വീപും അൽഫോൻസാമ്മയുടെ കുരിശടിയും പ്രദേശത്തെ ആകർഷണ കേന്ദ്രങ്ങളാണ്. കഫറ്റീരിയ, കുട്ടികളുടെ പാർക്ക്, ഗെയിംസോൺ, ബോട്ട് ഡെക്ക്, വായനയിടം, സെൽഫി പോയിന്റ്, ആർട്ടീരിയ പെയിന്റിങ്, വൈദ്യുത ദീപാലങ്കാരം തുടങ്ങിയ സൗകര്യങ്ങളാണ് വി പാർക്കിൽ ഒരുക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ കുമ്പിച്ചൽക്കടവ് തെക്കൻ കേരളത്തിലെ പ്രധാന വിനോദ കേന്ദ്രമാകും.സര്‍ക്കാരിന്റെ രൂപകൽപ്പനാ നയത്തിന്റെ ഭാഗമായി പൊതുമരാമത്ത്- വിനോദ സഞ്ചാര വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് നോഡല്‍ ഏജന്‍സി. പദ്ധതിയുടെ പ്രവര്‍ത്തന മേല്‍നോട്ടവും പരിപാലനവും ഡിടിപിസിക്കാണ്. സംസ്ഥാനത്തെ പൊതുയിടങ്ങള്‍ മികച്ച രീതിയില്‍ ഭാവനാത്മകമായി മെച്ചപ്പെടുത്താമെന്നതിന്റെ ഉദാഹരണമാണ് സംസ്ഥാനമൊട്ടാകെ നടപ്പാക്കിവരുന്ന വിവിധ സൗന്ദര്യവൽക്കരണ പദ്ധതികളെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫറോക്ക്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ജനകീയ ഉല്ലാസ മേഖലകള്‍ ഇതിനകംതന്നെ മികച്ച പ്രതികരണവുമായി മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു.










0 comments