ad
Deshabhimani

അരിസ്‌റ്റോ റോഡിൽ ഗതാഗതക്കുരുക്കേറുന്നു

വെള്ളിയാഴ്ച വൈകീട്ട് അരിസ്റ്റോ ജങ്ഷനില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

വെള്ളിയാഴ്ച വൈകീട്ട് അരിസ്റ്റോ ജങ്ഷനില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Jan 17, 2026, 03:52 AM | 1 min read

തിരുവനന്തപുരം

പനവിളമുതൽ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനുമുന്നിൽവരെയുള്ള ഗതാഗതക്കുരുക്ക് മിക്ക ദിവസങ്ങളിലും രൂക്ഷമായി തുടരുന്നു. സ്‌റ്റാച്യുവിലോ കിഴക്കേകോട്ട പുത്തിരിക്കണ്ടം മൈതാനത്തോ വലിയ പരിപാടികളോ സമരങ്ങളോ ഉണ്ടെങ്കിൽ ബസുകൾ ഇതുവഴി തിരിച്ചുവിടുന്നതോടെ, കുരുക്ക്‌ മണിക്കൂറുകൾ നീളും. നിരവധി യാത്രക്കാരാണ്‌ ഇതുമൂലം ബുദ്ധിമുട്ടുന്നത്‌. ആഴ്‌ചയവസാനങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതോടെ തിരക്കും ഗതാഗതക്കുരുക്കും പതിവിലുമേറും. സെൻട്രൽ സ്റ്റേഷനിൽ പ്രധാനപ്പെട്ട ട്രെയിനുകൾ എത്തുന്ന സമയത്തും പുറപ്പെടുന്പോഴും സ്‌റ്റേഷനുമുന്നിൽ ഒരു വാഹനത്തിനും കടന്നുപോകാനാകാത്ത സ്ഥിതിയാണ്‌. പുലർച്ചെ വന്ദേഭാരത്‌ പുറപ്പെടുന്നതിനുമുന്പ്‌ നാലരമുതൽ ഗതാഗത തടസ്സമാണ്‌. രാവിലെ ആറിന്‌ ജനശതാബ്ദി പോകുംവരെയും ദിവസവും ഇതാണ്‌ അവസ്ഥ. വൈകിട്ട്‌ നാലിനും രാത്രിയിലുമെല്ലാം ഇത്‌ ആവർത്തിക്കുന്നു. സ്‌റ്റേഷന്‌ അകത്തേക്ക്‌ കയറാൻ സ‍ൗകര്യം കുറവായതിനാൽ അവിടെയത്തുന്ന കാറുകൾ അടക്കം നൂറുകണക്കിന്‌ വാഹനങ്ങൾ കുരുങ്ങിക്കിടക്കുകയാണ്‌. ഇതോടെ കന്യാകുമാരി റോഡിലേക്കുള്ള വാഹനങ്ങളും തിരിച്ചുള്ളവയും കുരുക്കിലാകുന്നു. പനവിളമുതൽ തമ്പാനൂർവരെ എംസി റോഡിൽ ഇരുവശത്തും അനധികൃതമായി വാഹനം നിർത്തിയിടുന്നതും റോഡ്‌ കുത്തിപ്പൊളിച്ച സ്ഥലങ്ങളിൽ റീടാറിങ്‌ നടത്താത്തതും ഗതാഗത തടസ്സം കൂട്ടാൻ ഇടയാക്കുന്നുണ്ട്‌. ഇതരസംസ്ഥാന സർവീസ്‌ നടത്തുന്ന സ്വകാര്യ ബസുകളുടെ സേവന കേന്ദ്രങ്ങൾ ഇ‍ൗ മേഖലയിൽ ആയതും ഗതാഗതക്കുരുക്കിന്റെ മറ്റൊരു കാരണമാണ്‌. പല ബസുകളും റോഡരികിൽ നിർത്തിയാണ്‌ സാധനങ്ങൾ ഇറക്കുന്നതും ആളെ കയറ്റുന്നതും മറ്റും. മണിക്കൂറുകൾ നീളുന്ന ബ്ലോക്ക്‌ വ്യാപാര സ്ഥാപനങ്ങളെയും ഹോട്ടലുകളെയും ബാധിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home