ad
Deshabhimani

ടൺ കണക്കിന്‌ മാലിന്യം;
ഒഴുക്കുനിലച്ച്‌ നെയ്യാർ

ആറാട്ടുകടവിൽ മാലിന്യം അടിഞ്ഞുകൂടിയനിലയിൽ

ആറാട്ടുകടവിൽ മാലിന്യം അടിഞ്ഞുകൂടിയനിലയിൽ

വെബ് ഡെസ്ക്

Published on Sep 06, 2026, 12:34 AM | 1 min read

നെയ്യാറ്റിൻകര

ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയതോടെ നെയ്യാറ്റിൻകരയുടെ കുടിവെള്ള സ്രോതസ്സായ നെയ്യാറിന്‌ ശ്വാസം മുട്ടുന്നു. ആറാട്ടുകടവിന് സമീപം പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളും മറ്റ് അഴുക്കുകളും ചീഞ്ഞളിയുന്ന നിലയിലാണ്. നെയ്യാറിന്റെ ഇരുവശങ്ങളിലും തീരം സംരക്ഷിക്കുന്നതിനായി വച്ചുപിടിപ്പിച്ചിരുന്ന മുളങ്കൂട്ടങ്ങൾ ചരിഞ്ഞ് വെള്ളത്തിലേക്ക് വീണു. പുഴയിലേക്ക് കടപുഴകിയ മുളകളിൽ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ കന്നുകാലികളുടെ മൃതശരീരങ്ങൾവരെ കുടുങ്ങിക്കിടക്കുന്നു. ദുർഗന്ധം കാരണം പരിസരവാസികൾക്കും വഴിയാത്രക്കാർക്കും പ്രദേശത്ത് വസിക്കാനാകാത്ത അവസ്ഥയാണ്. കൊതുകും മറ്റ് രോഗവാഹകരായ ജീവികളും പെരുകിയതോടെ ഗുരുതരമായ ആരോഗ്യഭീഷണിയാണ് പ്രദേശം നേരിടുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഇതേ ഭാഗത്ത് ആറിന്റെ ഇരുഭാഗങ്ങളിലെയും കരകൾ ഇടിഞ്ഞുതാഴ്ന്നിരുന്നു. വെള്ളം കരയിലേക്ക് ഇരച്ചുകയറി പ്രദേശത്തെ ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്. നെയ്യാറിലെ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരവും വീണുകിടക്കുന്ന മുളകളും യുദ്ധകാലാടിസ്ഥാനത്തിൽ വാരിമാറ്റി പുഴയുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home