സര്‍ക്കാര്‍ നഴ്‌സിങ് സ്കൂള്‍ ബസ് കട്ടപ്പുറത്തുതന്നെ
കൈയൊഴിഞ്ഞ് ഡിഎംഒയും എസ്‌സി എസ്‌ടി വകുപ്പും


സ്വന്തം ലേഖകൻ
Published on Sep 06, 2026, 01:13 AM | 1 min read
കൊല്ലം
ആശ്രാമം സര്‍ക്കാര്‍ ജനറല്‍ നഴ്‌സിങ് സ്കൂള്‍ ബസ് ഇപ്പോഴും കട്ടപ്പുറത്തുതന്നെ. വിദ്യാര്‍ഥികൾക്ക് സ്കൂള്‍ ബസിന്റെ സേവനം ലഭിക്കാതായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. ആരോഗ്യവകുപ്പിന്റെ കെഎൽ 01 ബിഎൽ 8391 നന്പർ ബസ് ആണ് അനാഥമായത്. വിഷയത്തിൽ പട്ടികജാതി പട്ടികവർഗ വികസന ജില്ലാ ഓഫീസും ഉത്തരവാദിത്വത്തിൽനിന്ന് കൈയൊഴിയുകയാണ്. ‘മേലോട്ട്’ അറിയിച്ചിട്ടുണ്ടെന്നും കത്തെഴുതിയിട്ടുണ്ടെന്നുമുള്ള പതിവ് മറുപടി മിച്ചം. പരാതി ലഭിച്ചിട്ടും ഡിഎംഒയും നടപടിയെടുക്കുന്നില്ല. ലക്ഷങ്ങൾ വിലയുള്ള ബസ് ഓടാതെ കിടന്ന് നശിച്ചിട്ടും ഡിഎംഒക്ക് കുലുക്കമില്ല. സർക്കാർ കാര്യങ്ങൾ ഇങ്ങനൊക്കെയാണെന്ന മനോഭാവത്തിലാണ് ജില്ലാ ആരോഗ്യവകുപ്പ്. അടിയന്തര നടപടി ആവശ്യപ്പെട്ട് പട്ടികജാതി പട്ടികവർഗ വികസന വകുപ്പിനും ആരോഗ്യവകുപ്പിനും പലവട്ടം കത്തെഴുതി നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പൽ കുഴഞ്ഞു. ബസിന്റെ അറ്റകുറ്റപ്പണി നടത്താൻ സ്‌കൂൾ അധികൃതർക്ക് ഫണ്ടില്ല. പ്രവേശന സമയത്ത് കുട്ടികളിൽനിന്ന് ഒരുവിധ ഫണ്ടും സ്‌കൂൾ അധികൃതർ ഇൗടാക്കുന്നില്ല. എല്ലാത്തിനും വകുപ്പിനെ ആശ്രയിക്കുക മാത്രമാണ് പോംവഴി. എന്നാൽ, അറ്റകുറ്റപ്പണിക്ക് ഫയൽനീങ്ങി നടപടിയായി വരുന്പോഴേക്കും നിലവിലെ ബാച്ചിന്റെ പഠനം തീരുന്ന അവസ്ഥയാണുള്ളതെന്ന് ആക്ഷേപമുണ്ട്. ഇവിടെ ജനറൽ നഴ്‌സിങിന് നാല് ബാച്ചാണുള്ളത്. ഒരു ബാച്ചിൽ 20 കുട്ടികളും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പെൺകുട്ടികൾക്ക് ആശ്രാമത്ത് സ്‌കൂളിനോട് ചേർന്നുതന്നെ ഹോസ്റ്റൽ സൗകര്യമുണ്ട്. എന്നാൽ, ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമുള്ളത് പോളയത്തോട്ടിൽ ആണ്. ക്ലിനിക്, കമ്യൂണിറ്റി പരിശീലനങ്ങൾക്ക് കുട്ടികളെ കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും ബസ് ആവശ്യമാണ്. സ്‌കൂളിന്റെ ഒൗദ്യോഗിക ആവശ്യങ്ങൾക്കും കുട്ടികളുമായി ഒൗട്ട് സൈറ്റ് സന്ദർശനത്തിന് പോകാനും ബസ് ഇല്ലാത്ത അവസ്ഥ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിനെല്ലാം കുട്ടികളും അധ്യാപകരും പോക്കറ്റിൽനിന്ന് പണമെടുത്ത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഹോസ്റ്റലിൽനിന്ന് വന്നുപോകുന്ന ആൺകുട്ടികൾക്ക് ചെലവ് കൂടുതലാണ്. സ്വകാര്യ ബസുകളിലാണ് അവർ ആശ്രാമത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നത്.










0 comments