സ്ത്രീകൾക്കായി സൗജന്യ അർബുദ ബോധവത്കരണ കാമ്പയിൻ

തിരുവനന്തപുരം: കിംസ് ആശുപത്രിയുമായി ചേർന്ന് സൂപ്പർ ലീഗ് കേരളയുടെ തിരുവനന്തപുരം കൊമ്പൻസ് സ്ത്രീകൾക്കായി സൗജന്യ അർബുദ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് സൗജന്യ മാമോഗ്രാം സ്ക്രീനിംഗും സെർവിക്കൽ കാൻസർ പ്രതിരോധത്തിന് ഷീൽഡ് എച്ച് പി വി വാക്സിനേഷൻ ഡ്രൈവും നടത്തുമെന്ന് കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള അറിയിച്ചു. തിരുവനന്തപുരം കൊമ്പൻസിന്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറും കോ-സ്പോൺസറുമാണ് കിംസ്ഹെൽത്ത്. കിംസ് കാൻസർ സെന്റർ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ, നവംബർ മാസങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7736732221 എന്ന നമ്പറിൽ ബന്ധപ്പെടാം.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പുതുതായി ഉദ്ഘാടനം ചെയ്ത തുറന്ന ഡ്രസ്സിംഗ് റൂമിൽവച്ചായിരുന്നു പ്രഖ്യാപനം. ശശി തരൂർ എംപിയും, സാമൂഹിക പ്രവർത്തകയും കാൻസർ ബോധവത്കരണ പ്രവർത്തകയും അഭിഭാഷകയുമായ നിഷ എം ജോസും മുഖ്യാതിഥികളായിരുന്നു. അർബുദ ബോധനവത്കരണപ്രവർത്തനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊമ്പൻസ് ഒക്ടോബർ 10ന് നടക്കുന്ന മത്സരത്തിൽ പിങ്ക് നിറത്തിലുള്ള ജേഴ്സി ധരിക്കും. തരൂരും നിഷയും ചേർന്ന് ജേഴ്‌സി അനാച്ഛാദനം ചെയ്തു.

സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ്, കിംസ്ഹെൽത്ത് കാൻസർ സെന്റർ, കിംസ്ഹെൽത്ത് സിഎസ്ആർ എന്നിവയുടെ സിഇഒ രശ്മി ആയിഷ, കൊമ്പൻസ് എഫ്‌സി എംഡി കെ സി ചന്ദ്രഹാസൻ, സഹ ഉടമ ടി ജെ മാത്യു, ഉപദേശകസമിതി അംഗം ജി വിജയരാഘവൻ, സിഇഒ എൻ എസ് അഭയകുമാർ, പ്രൊമോട്ടർ ടെറൻസ് അലക്സ്, സീനിയർ ആർക്കിടെക്റ്റ് എൻ മഹേഷ്, ഫ്രാഞ്ചൈസി ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.









0 comments