ബിജെപിയുടെ നീക്കം കേരളത്തെ തകർക്കാൻ; ഇ ഡി നടപടി പുകമറ സൃഷ്ടിക്കാനെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിൽ ഫെമ നിയമലംഘനം ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പിൽ പുകമറ സൃഷ്ടിക്കാനെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്.
എന്തിന് ഹാജരാകണമെന്ന് ഇ ഡി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കോടതിയുടെ ചോദ്യത്തിനും ഇ ഡിക്ക് ഉത്തരമില്ല. തെരഞ്ഞെടുപ്പ് കാലത്താണ് നോട്ടീസ് വരുന്നത്. ഇത് തെരഞ്ഞെടുപ്പ് സമയത്തെ സ്ഥിരം കലാപരിപാടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്, ഇത്തവണ അടുത്ത തെരഞ്ഞെടുപ്പിലും വീണ്ടും നോട്ടീസുമായി വരുന്നു. ബിജെപിക്ക് പാദസേവചെയ്യുന്ന ഇ ഡിയുടെ രാഷ്ട്രീയ കളി മാത്രമാണ് നോട്ടീസ്. ഇതിനൊത്ത് താളം പിടിക്കാൻ യുഡിഎഫ് നേതാക്കൾ രംഗത്ത് ഇറങ്ങുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിക്ക് മസാബ ബോണ്ട് ഇറക്കാൻ അവകാശമില്ലെന്നായിരുന്നു ഇ ഡി ആദ്യം അവകാശപ്പെട്ടത്. മസാല ബോണ്ട് നിയമപരമാണെന്നും ആർബിഐയുടെ അംഗീകാരത്തോടെയുള്ളതാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ മസാല ബോണ്ട് വഴിയുള്ള പണം ഉപയോഗിച്ച് ഭൂമി വാങ്ങാൻ കഴിയില്ലെന്നാണ് ഇഡി ഇപ്പോൾ പറയുന്നത്. മസാല ബോണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതു രണ്ടും രണ്ടാണ്. ആർബിഐ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.
പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാട് നടത്തുന്ന സ്ഥാപനമാണ് കിഫ്ബി. പ്രഥമദൃഷ്ട്യാ തള്ളിക്കളയാൻ പറ്റുന്ന കാര്യത്തിനാണ് നോട്ടീസ് നൽകുന്നത്. അപ്പോൾ എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്നാണ് അവർ കരുതുന്നത്. കിഫ്ബിയെ തകർക്കാനാണ് ബിജെപി ശ്രമം. ഇനിയെങ്കിലും ബിജെപിയുടെയും കേന്ദ്ര ഏജൻസികളുടെയും ദുഷ്ടലാക്ക് മനസിലാക്കി രാഷ്ട്രീയ നിലപാട് എടുക്കാൻ യുഡിഎഫ് തയാറാകണം. പുച്ഛത്തോടെ കേരളം ഇതിനെ തള്ളിക്കളയും. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെയുള്ള വിധിയെഴുതാവണം തദ്ദേശ തിരഞ്ഞെടുപ്പ് വിധിയെന്നും തോമസ് ഐസക് പറഞ്ഞു.








0 comments