ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ചു

photo credit : X
ന്യൂഡൽഹി : ദിത്വ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ കുടുങ്ങിയ ഇന്ത്യക്കാരെ എല്ലാവരെയും തിരികെ കൊണ്ടുവന്നതായി അധികൃതർ അറിയിച്ചു. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി, കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ 104 ഇന്ത്യൻ യാത്രക്കാരുടെ അവസാന ബാച്ച് രാവിലെ 6.30 ഓടെ വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയതായി ഇന്ത്യൻ ഹൈക്കമീഷൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഐഎഎഫിന്റെ ഐഎൽ -76, സി -130 ജെ ഹെവി ലിഫ്റ്റ് കാരിയറുകളാണ് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കാൻ ഉപയോഗിച്ചതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾക്കുള്ള സഹായം ഇന്ത്യ ശക്തമാക്കിയിട്ടുണ്ടെന്നും നിരവധി ദുരിത ബാധിത പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ടെന്നും മിഷൻ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ഐഎൻഎസ് വിക്രാന്തിൽ നിന്നുള്ള ചേതക് ഹെലികോപ്റ്ററുകൾ നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും റോഡ് സൗകര്യമില്ലാത്ത, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മധ്യ കുന്നിൻ പ്രദേശമായ കോട്മലെയിൽ വ്യോമസേന ഹെലികോപ്റ്ററുകൾ തിരച്ചിൽ നടത്തിയതായും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം കൊളംബോയിലെത്തിയ ഇന്ത്യയുടെ പ്രത്യേക ദുരന്ത പ്രതികരണ ഏജൻസി ഫോർ സെർച്ച് ആൻഡ് റെസ്‌ക്യൂ, എച്ച്എഡിആർ (ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫ്) പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘങ്ങൾ കോച്ചിക്കടേയിൽ ശ്രീലങ്കൻ അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായും പ്രസ്താവനയിൽ പറയുന്നു. പുത്തലം, ബദുള്ള പ്രദേശങ്ങളിൽ ഇപ്പോൾ എൻഡിആർഎഫ് ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിയതലാവ ആർമി ക്യാമ്പിൽ നിന്നും കൊളംബോയിൽ നിന്നും ആകെ 57 ശ്രീലങ്കൻ ആർമി ഉദ്യോഗസ്ഥരെ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ കോട്മലയിലേക്ക് എയർലിഫ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ തീരത്തെ വെന്നപ്പുവയിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനിടെ ബെൽ 212 ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റ് മരിച്ചതായി ശ്രീലങ്കൻ വ്യോമസേന സ്ഥിരീകരിച്ചു. അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണ്.
വടക്കൻ പ്രവിശ്യയിലെ ചുണ്ടിക്കുളത്ത് രക്ഷാപ്രവർത്തനത്തിനിടെ കാണാതായ അഞ്ച് നാവികരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ 334 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു.








0 comments