സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ 77 ലക്ഷം രൂപ തട്ടി; യുപി സ്വദേശി പിടിയിൽ

കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ചുണ്ടേൽ സ്വദേശിയിൽനിന്ന് 77 ലക്ഷം രൂപ തട്ടിയ കേസിൽ യുപി സ്വദേശി വയനാട് സൈബർ പൊലീസിന്റെ പിടിയിലായി. ഉത്തർ പ്രദേശ് ബാറെലി സ്വദേശി ആകാശ് യാദവി(25) നെയാണ് സൈബർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും വിശാഖപട്ടണത്തുനിന്ന് പിടികൂടിയത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് പണം തട്ടിയത്. പ്രതി അയച്ചുനൽകിയ വ്യാജ ആപ് യുവതി മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് ട്രേഡിങ് നടത്തുകയും ഇവർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നൽകുകയുമാണ് ചെയ്തത്. പിന്നീട് ലാഭം അടങ്ങിയ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌ത്.
ആകാശ് യാദവിനെ മറ്റൊരു സൈബർ തട്ടിപ്പ് കേസിൽ വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത് മനസിലാക്കി വയനാട് പൊലീസ് കൽപ്പറ്റ കോടതിയുടെ വാറണ്ടുമായി വിശാഖപട്ടണം ജയിലിൽ എത്തിയെങ്കിലും ഇയാൾക്കു ജാമ്യം ലഭിച്ചിരുന്നു. പ്രതിയെ പിന്നീട് പൊലീസ് വിശാഖ പട്ടണത്തുനിന്ന് പിടികൂടി. പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് ഡൽഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിൽ ഇയാൾ പ്രവർത്തിക്കുകയാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കഴിഞ്ഞമാസം മറ്റൊരു പ്രതിയെ ഹരിയനയിൽനിന്ന് പിടികൂടിയിരുന്നു.








0 comments