റയലിനെ തളച്ച് ജിറോണ; ലാലീഗയിൽ വീണ്ടും സമനില

മാഡ്രിഡ്: സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ കരുത്തരായ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് എഫ്സി ജിറോണ. ഒരുഗോളിന് പിന്നിൽ നിന്ന ശേഷം ലഭിച്ച പെനാൽറ്റി ഗോളാണ് റയലിന് രക്ഷയായത്. തുടർച്ചയായി മൂന്ന് മത്സരങ്ങൾ സമനിലയിൽ കലാശിച്ചതോടെ പോയിന്റ് പട്ടികയിൽ ബാഴ്സലോണയ്ക്ക് പിന്നിൽ റയൽ രണ്ടാമതായി തുടരും.
ചാമ്പ്യൻസ് ലീഗിൽ ഒളിമ്പ്യാക്കോസിനെ 4-3ന് തകർത്ത ആവേശത്തിൽ ജയപ്രതീക്ഷയോടെയാണ് റയൽ ലാലീഗയിൽ പന്ത് തട്ടാനെത്തിയത്. എന്നാൽ ജിറോണ പ്രതിരോധം മറികടക്കാൻ റയൽ പാടുപെട്ടു. തുടക്കത്തിൽ ലഭിച്ച അവസരം ഗോളാക്കി മാറ്റാൻ കിലിയൻ എംബാപ്പെയ്ക്ക് കഴിയാതെ വന്നതും തിരിച്ചടിയായി. ആദ്യ പകുതിയുടെ അവസാന നിമിഷം ജിറോണ ആദ്യ ഗോൾ നേടി ലീഡ് എടുത്തു. 45-ാം മിനിറ്റിലാണ് അസെദ്ദീൻ ഒനാഹി ടീമിനായി ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജിറോണയ്ക്ക് ലീഡ് രണ്ടാക്കാൻ അവസരം ലഭിച്ചെങ്കിലും, റയൽ ഗോളിയുടെ മികവ് ടീമിന് രക്ഷയായി. പിന്നാലെ വിനീഷ്യസ് ജൂനിയർ ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് റയലിന് തിരിച്ചടിയായി. തുടർന്നും ആക്രമണം അഴിച്ചു വിട്ട റയൽ കളിയിലേക്ക് തിരിച്ചുവരുകയായിരുന്നു. 67-ാം മിനിറ്റിൽ ലഭിച്ച പെനാറ്റിൽ എംബാപ്പെ ഗോളാക്കി മാറ്റി. നിരന്തരം ആക്രമിച്ച് കളിച്ചെങ്കിലും വിജയഗോൾ കണ്ടെത്താൻ റയലിന് കഴിയാതെ പോയി.








0 comments