ശബരിമലയിൽ സംതൃപ്‌തിയോടെ ദർശനം

ശബരിമല: ശബരിമയിലെ തിരക്കിനിടയിലും സംതൃപ്‌തിയോടെ ദർശനം നടത്തി തീർഥാടകർ. തിങ്കളാഴ്ച രാവിലെ മുതൽ നല്ല തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. സർക്കാരും ദേവസ്വം ബോർഡും കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ തീർഥാടകർക്ക് വലിയ കാത്തുനിൽപ്പില്ലാതെ ദർശനം നടത്തി മടങ്ങാനായി.
ഞായറാഴ്ച വളരെ കുറച്ച് സമയം മാത്രമാണ് നടപ്പന്തലിൽ ചെറിയ ക്യൂ ഉണ്ടായിരുന്നത്. വൈകിട്ട് ആറ് വരെയുള്ള കണക്ക് പ്രകാരം 39724 പേരാണ് ദർശനം നടത്തിയത്. ശനിയാഴ്ച 64055 പേരാണ് മല ചവിട്ടിയത്. അവധി ദിനങ്ങളിൽ തിരക്കായിരിക്കുമെന്ന് കണക്ക് കൂട്ടി മറ്റ് ദിവസങ്ങളിലാണ് നിലവിൽ തീർഥാടകർ ദർശനത്തിന് കൂടുതലായും എത്തുന്നത്. കഴിഞ്ഞ ആഴ്ചകളിലും സമാന സ്ഥിതിയായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഇൗ മണ്ഡലകാലത്തെ ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്.
ഇൗ രണ്ട് ദിവസങ്ങളിൽ മാത്രം രണ്ട് ലക്ഷത്തിലധികം തീർഥാടകർ എത്തി. ഇതിന് പിന്നാലെ വെർച്വൽ ക്യൂവിൽ നിയന്ത്രണം വരുത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ സാധിച്ചിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരം വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് പാസുകളുടെ പരിശോധന പൊലീസ് കർശനമാക്കിയിട്ടുണ്ട്.








0 comments