മദ്യലഹരിയിൽ വാഹമനോടിച്ച് റസ്റ്റോറന്റിലെ പാർക്കിങ് കൗണ്ടറിലേക്ക് ഇടിച്ചുകയറ്റി യുവാവ്; ജീവനക്കാരൻ കൊല്ലപ്പെട്ടു

പുണെ : മദ്യലഹരിയിൽ വാഹനം റസ്റ്റോറന്റിലെ പാർക്കിങ് കൗണ്ടറിലേക്ക് ഇടിച്ചുകയറ്റി യുവാവ്. അപകടത്തിൽ റസ്റ്റോറന്റിലെ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഞായർ വൈകിട്ട് പുണെയിലാണ് സംഭവം. കല്യാണി നഗറിലെ ടോയിറ്റ് റസ്റ്റോറന്റിന് പുറത്താണ് സംഭവം നടന്നത്. റസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാലറ്റ് അസിസ്റ്റന്റ് സതേന്ദർ മണ്ഡലാണ് മരിച്ചത്. സംഭവത്തിൽ യെരവാഡയിലെ ബിപിഒയിൽ ജോലി ചെയ്യുന്ന പ്രതാപ് ദൈൻഗഡെ അറസ്റ്റിലായതായി യെരവാഡ പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ പ്രതാപ് ഓടിച്ച വാഹനം പാർക്കിങ് കൗണ്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
പ്രതാപ് മദ്യപിച്ച നിലയിലാണ് റസ്റ്റോറന്റിൽ എത്തിയതെന്ന് മറ്റ് ജീവനക്കാർ പറഞ്ഞു. റസ്റ്റോറന്റിലെത്തിയ പ്രതാപ് വീണ്ടും ബിയർ ഓർഡർ ചെയ്തു. എന്നാൽ പ്രതാപിന്റെ മോശം പെരുമാറ്റം കാരണം ജീവനക്കാർ ഇയാളോട് പോവാൻ ആവശ്യപ്പെടുകയായിരുന്നു. മദ്യലഹരിയിലായതിനാൽ കാർ എടുക്കുന്നതിനുപകരം ക്യാബ് വാടകയ്‌ക്കെടുത്ത് പോകാനും ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ പ്രതാപ് ആവശ്യം അംഗീകരിച്ചില്ല. പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ റസ്റ്റോറന്റിന് പുറത്തുള്ള വാലറ്റ് പാർക്കിംഗ് കൗണ്ടറിലേക്ക് വാഹനം ഇടിച്ചുകയറി.
കൗണ്ടറിന് പിന്നിലിരുന്ന സതേന്ദർ മണ്ഡൽ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണു. ഉടൻ തന്നെ റസ്റ്റോറന്റ് അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മണ്ഡലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








0 comments