ad
Deshabhimani

പാട്ടിൽ പരിമിതിയില്ല; സംഗതി ഓകെ...

 പി വേദിക രാജ പാടുന്നു

പി വേദിക രാജ പാടുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 12:00 AM | 1 min read

തിരുവനന്തപുരം

‘സൂര്യകാന്തീ... സൂര്യകാന്തീ സ്വപ്‌നം കാണുവതാരെ...’ കാട്ടുതുളസി എന്ന സിനിമയിലെ വയലാർഗാനം വേദിക പാടിക്കഴിഞ്ഞപ്പോൾ സദസ്സിൽനിന്ന്‌ നിറത്ത കൈയടി. ആസ്വാദകഹൃദയം നെഞ്ചേറ്റിയ ഗാനം ‘സംഗതി’യൊന്നും ചോർന്നുപോകാതെയുള്ള ആലാപനത്തിന്‌ മൂന്നാംസ്ഥാനമാണ്‌ ജന്മനാ മസ്‌കുലർ ഡിസ്‌ട്രോഫി അവസ്ഥ നേരിടുന്ന വേദിക സ്വന്തമാക്കിയത്‌. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ്‌ സംഘടിപ്പിച്ച സംസ്ഥാന ഗാനാലാപന മത്സരത്തിലാണ്‌ വേദിക ആസ്വാദകമനസ്സ്‌ ക‍ീഴടക്കിയത്‌. ഗായികയാകണമെന്നാണ്‌ വേദികയുടെ ആഗ്രഹം. വീൽചെയറിന്റെ സഹായത്തോടെയുള്ള യാത്രാബുദ്ധിമുട്ട്‌ കാരണം സംഗീതപഠനം ഓൺലൈൻവഴിയാണ്‌. ആഗ്രഹങ്ങൾ നിറവേറ്റണമെന്ന നിശ്ചയദാർഢ്യത്തിന്‌ പിന്തുണ നൽകി കുടുംബം ഒപ്പമുണ്ട്‌. മരുതംകുഴി തിരുവോണം വീട്ടിൽ ശ്രീജിത്‌ രാജയുടെയും ശ്രീജയ വർമയുടെയും മകളാണ്‌. മരുതംകുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ ഒന്പതാംക്ലാസ്‌ വിദ്യാർഥിനിയാണ്‌ പി വേദിക രാജ. കോളേജ്‌ വിദ്യാർഥിനിയായ സഹോദരി വർഷ വർമ സീനിയർ വിഭാഗം ഗാനാലാപന മത്സരത്തിൽ സമ്മാനം നേടി. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റും വഴുതക്കാട് സർക്കാർ വനിതാ കോളേജും ചേർന്ന്‌ സംഘടിപ്പിച്ച വയലാർ കവിത–ഗാനാലാപന മത്സരം സമാപിച്ചു. ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വയലാർ അവാർഡ് സമർപ്പണച്ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home