കേരളം ഭരിക്കുന്നത് യഥാർഥ ബിജെപി ടീം: പി രാജീവ്

ഡിവൈഎഫ്ഐ ജില്ലാ സമ്മേളന സമാപന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കേരളം ഭരിക്കുന്നത് ബിജെപിയുടെ ബി ടീം അല്ലെന്നും യഥാർഥ ബിജെപി ടീംതന്നെയാണെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന വിദ്യാർഥിപ്രക്ഷോഭങ്ങളിൽ, ബിജെപി സംസ്ഥാനങ്ങൾക്കൊപ്പം കേസെടുത്ത് വേട്ടയാടൽ നടത്തിയ പ്രതിപക്ഷം ഭരിക്കുന്ന ഏകസംസ്ഥാനമാണ് കേരളം. വിദ്യാർഥിസമരം കേസെടുത്തും ജലപീരങ്കി പ്രയോഗിച്ചും അടിച്ചമർത്താനാണ് യുഡിഎഫ് സർക്കാരും ശ്രമിച്ചത്. മതനിരപേക്ഷതയുടെ ബദൽരൂപമായി അഭിമാനത്തോടെ നിന്ന മലയാളികൾ ഇന്ന് തലകുനിക്കുകയാണ്. യുവത്വം ഇന്ന് ഇന്ത്യക്ക് വലിയ സംഭാവന നൽകിയ സന്ദർഭത്തിലാണ് ഡിവൈഎഫ്ഐ സമ്മേളനം നടക്കുന്നത്. ‘ഞങ്ങൾക്ക് ഭയമില്ലെന്ന്’ രാജ്യം ഭരിക്കുന്നവരോട് വിളിച്ചുപറഞ്ഞവരാണ് ഇന്ത്യയിലെ പുതുതലമുറ. കൊടിയ മർദനം വന്നപ്പോൾ കുട്ടികൾ പതറാതെ നിന്നു. പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ പിടിക്കാൻ പൊലീസ് എ കെ ജി ഭവൻവരെ എത്തി. എന്നാൽ, വിദ്യാർഥിപ്രക്ഷോഭത്തിൽ എസ്എഫ്ഐയുടെ പേര് മലയാളമാധ്യമങ്ങൾ ഒഴിവാക്കി. കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ ബിജെപി പറയുന്നത് പൂർണമായും നടപ്പാക്കുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ അവർ പറഞ്ഞ എന്തെങ്കിലും ഇന്ന് നടപ്പാക്കിയോ? പിഎം ശ്രീ നടപ്പാക്കുമെന്ന് യുഡിഎഫ് കൺവീനർതന്നെ പറയുകയാണ്. യുഡിഎഫ് സർക്കാർ സംസ്ഥാനത്തിന്റെ നേട്ടങ്ങൾ അട്ടിമറിച്ച് കേരളത്തെ വർഗീയശക്തികൾക്ക് പണയപ്പെടുത്തുകയാണ്. അതിനെതിരെ ശക്തമായ പ്രതിഷേധത്തിന്റെ നാളുകളാണ് കേരളം കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.









0 comments