തൊടുമലയ്ക്കിനി ആരോഗ്യത്തിന്റെ കരുത്ത്

തൊടുമല ഹെൽത്ത് സബ് സെന്റർ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു (ഫയൽചിത്രം)
അഖിലേഷ് ആനാവൂർ
Published on Mar 06, 2026, 12:00 AM | 1 min read
വെള്ളറട
കരിപ്പയാറിന്റെ ഇരമ്പലിൽ മുങ്ങിപ്പോകുമായിരുന്ന ഒരു ജനതയുടെ ആരോഗ്യസ്വപ്നങ്ങൾക്ക് ഇപ്പോൾ പ്രഭാതത്തിന്റെ തെളിച്ചമുണ്ട്. അമ്പൂരിയുടെ മലനിരകളിൽ, മേഘങ്ങൾ ചുംബിക്കുന്ന തൊടുമലയിലെ ഗോത്രവീഥികളിൽ ഇപ്പോൾ ആഹ്ലാദത്തിന്റെ മധുരമാണ്. പതിറ്റാണ്ടുകളോളം വികസനത്തിന് പുറംതിരിഞ്ഞുനിന്ന മലയോര മണ്ണിൽ, ആറോളം ഗോത്ര ഉന്നതികളിൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇനി രോഗശയ്യയിൽ ആശ്വാസം തേടി മലയിറങ്ങേണ്ട. പട്ടിക വർഗ വികസന വകുപ്പ് കോർപസ് ഫണ്ടുപയോഗിച്ച് നിർമിച്ച ഹെൽത്ത് സബ് സെന്ററുണ്ട്.
"ചുമലിലേറ്റിയ ദുരിതയാത്രകൾ പഴങ്കഥ"
ഒരു പനി വന്നാൽപോലും തൊടുമലക്കാർക്ക് മുന്നിൽ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ—കരിപ്പയാറിന് അക്കരെയുള്ള മായം കുടുംബാരോഗ്യ കേന്ദ്രം. മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകുമ്പോൾ തോണി തുഴയാനാകാതെ രോഗികളുമായി കരയിൽ കാത്തുനിന്ന നിസ്സഹായാവസ്ഥയെക്കുറിച്ച് ഊരു മൂപ്പൻ ചന്ദ്രൻ കാണി ഓർക്കുന്നു. ‘പണ്ട് ഗർഭിണികളെയും വയ്യാത്തവരെയുമൊക്കെ തുണിയിൽ കെട്ടി ചുമലിലേറ്റിയാണ് പുഴക്കടവിൽ എത്തിച്ചിരുന്നത്. കടത്തുകാരൻ വന്നില്ലെങ്കിൽ പിന്നെ ദൈവത്തെ വിളിച്ചു കാത്തിരിക്കണം. എത്രയോ ജീവനുകൾ ആ പുഴക്കടവിൽ പൊലിഞ്ഞിട്ടുണ്ട്. പാലം വന്നപ്പോൾ പകുതി ആശ്വാസമായി, ഇപ്പോൾ ആശുപത്രി കൂടി വന്നതോടെ ഞങ്ങൾക്ക് വലിയൊരു കൈത്താങ്ങായി’. ഈ വാക്കുകളിലുണ്ട് ഒരു നാട് അനുഭവിച്ച കയ്പേറിയ ജീവിതാനുഭവങ്ങൾ. കുമ്പിച്ചൽക്കടവ് പാലം യാഥാർഥ്യമായതോടെ തുടങ്ങിയ മാറ്റത്തിന്റെ വസന്തം, ഇപ്പോൾ ഉപകേന്ദ്രം തുറന്നതോടെ പൂർണതയിലെത്തി.
സ്മാർട്ടായി ആരോഗ്യവും
ഇലക്ട്രോണിക് ഓഡിയോ, വിഷ്വൽ മാർഗങ്ങൾ ഉപയോഗിച്ച് രോഗിയും ഹെൽത്ത് കെയർ പ്രൊവൈഡറും തമ്മിലുള്ള തത്സമയ ടൂവേ ആശയവിനിമയത്തിലൂടെ റിമോട്ട് ക്ലിനിക്കൽ സേവനമായ ടെലി മെഡിസിൻ സൗകര്യമാണ് കേന്ദ്രത്തിന്റെ ഹൈലൈറ്റ്. നഗരത്തിലെ വലിയ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം കാമറയ്ക്കും ഇന്റർനെറ്റിനും മുന്നിലിരുന്ന് നാട്ടുകാർക്ക് ലഭ്യമാകും. വികസനത്തിന്റെ ഗുണഫലങ്ങൾ അർഹരായവരിലേക്ക് നേരിട്ടെത്തണമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനമാണ് ഇതിലൂടെ പൂവണിഞ്ഞത്.










0 comments