Deshabhimani

പൂട്ടുവീണ ഹോട്ടലുകളുടെ എണ്ണം കൂടി

 നെയ്യാറ്റിൻകര ടൗണിലെ ഹോട്ടലുകൾ പൂട്ടിയനിലയിൽ

നെയ്യാറ്റിൻകര ടൗണിലെ ഹോട്ടലുകൾ പൂട്ടിയനിലയിൽ

വെബ് ഡെസ്ക്

Published on Mar 23, 2026, 02:46 AM | 1 min read

തിരുവനന്തപുരം

ചെറിയ കടകളും അടച്ചതോടെ ചായപോലും കിട്ടാതെ ജനം. ഗ്രാമീണ മേഖലകളിലെ ഹോട്ടലുകൾ വിറക്‌ അടുപ്പിലേക്ക്‌ മാറി പിടിച്ചുനിൽക്കുന്നുണ്ട്‌. നഗരങ്ങളിലെ ഹോട്ടലുകളാണ്‌ പൂർണമായും അടയുന്നത്‌. ചിലയിടങ്ങളിൽ പുറത്തുനിന്ന്‌ ഭക്ഷണം തയ്യാറാക്കി ഹോട്ടലുകളിലെത്തിക്കുന്നുണ്ടെങ്കിലും പരിമിതമായ അളവിലാണ്‌. ഉച്ചയൂണ്‌ കിട്ടാനില്ല. ബിരിയാണിമാത്രം അപൂർവം ചിലയിടങ്ങളിൽ ലഭിക്കും. ഭക്ഷണം ഓർഡർ ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിച്ചിരുന്ന നൂറുകണക്കിനുപേർക്ക്‌ ഒറ്റയടിക്ക്‌ തൊഴിലില്ലാതായി. ഹോട്ടൽ മേഖലയിൽ ക്ലീനിങ്‌, ഹ‍ൗസ്‌ കീപ്പിങ്‌ വിഭാഗങ്ങളിൽ പണിയെടുക്കുന്നവരിൽ 80 ശതമാനവും അതിഥിത്തൊഴിലാളികളാണ്‌. അസം, ബംഗാൾ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട്‌ ഭൂരിഭാഗവും നാട്ടിലേക്ക്‌ ട്രെയിൻ കയറി. വിറക്‌ അടുപ്പിന്റെ സഹായത്തോടെയാണ്‌ ഉത്സവനാളിൽ ക്ഷേത്രങ്ങളിൽ അന്നദാനം നടക്കുന്നത്‌. ചില ക്ഷേത്രങ്ങളിൽ അന്നദാനം ഒഴിവാക്കി. നഗരങ്ങളിൽ ജോലി ചെയ്യുന്നവരും ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്നു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലുള്ള പ്രവർത്തകരും ബുദ്ധിമുട്ടുന്നു. വാണിജ്യ എൽപിജി വിഹിതം 20 ശതമാനം വർധിപ്പിച്ചെന്ന്‌ കേന്ദ്രം അവകാശപ്പെടുന്പോഴും മതിയായ ഗ്യാസ്‌ എന്നുമുതൽ ലഭിച്ചുതുടങ്ങുമെന്നതിനെപ്പറ്റി ഹോട്ടലുടമകൾക്ക്‌ ധാരണയില്ല.


​നെയ്യാറ്റിൻകര ടൗണിലും പ്രതിസന്ധി

നെയ്യാറ്റിൻകര

പാചകവാതക സിലിണ്ടർ കിട്ടാതായതോടെ നെയ്യാറ്റിൻകര ടൗണിലെ ഹോട്ടലുകൾ പലതും പൂട്ടി. ചില ഹോട്ടലുകൾ ഗ്യാസിന് പകരം വിറകിനെ ആശ്രയിക്കാൻ തുടങ്ങി. പാചകവാതക വില കുത്തനെ കൂട്ടിയപ്പോൾത്തന്നെ അങ്കാലാപ്പിലായ ഹോട്ടൽ വ്യാപാരികൾ ഗ്യാസ് ക്ഷാമവുമായതോടെ തികച്ചും പ്രതിസന്ധിയിലായി. വിറകും കിട്ടാനില്ല. ലഭ്യമായ വിറകിന്‌ തീവിലയും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1890 രൂപയായിരുന്നത് മാർച്ച് ആറിന് ഒറ്റയടിക്ക്‌ 115 രൂപ കൂട്ടി. പിന്നാലെ ഗ്യാസ് ക്ഷാമവുമായി. കിലോയ്ക്ക് 25 ആയിരുന്ന വിറകുവില 40 രൂപ വരെയായി. വരുംദിവസങ്ങളിൽ ഇനിയും ഉയരും. തമിഴ്നാട്ടിൽനിന്നെത്തുന്ന ഒരു ലോഡ് വിറകിന് 40,000 രൂപവരെയാണ്‌ വില. പാചകവാതക ക്ഷാമം കുറയുന്നതും കാത്തിരിപ്പാണ് ട‍ൗണിലെ ഹോട്ടൽ വ്യാപാരികൾ. ഹോട്ടൽ മേഖലയെ ആശ്രയിച്ച് ഉപജീവന മാർഗം തേടുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ വരുമാനവും ഇല്ലാതായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home