വീടും വസ്തുവും വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത കേസ്

മുഖ്യ ആസൂത്രകൻ കോൺ​ഗ്രസ് നേതാവ് മണികണ്ഠൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2025, 01:25 AM | 1 min read

തിരുവനന്തപുരം

ജവഹർ നഗറിലെ നാലരക്കോടിയോളം വില വരുന്ന വീടും വസ്തുവും വ്യാജ രേഖകൾ തയ്യാറാക്കി തട്ടിയെടുത്ത കേസിൽ മുഖ്യ ആസൂത്രകൻ കോൺ​ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠൻ തന്നെയെന്ന നി​ഗമനത്തിൽ പൊലീസ്. ആധാരം എഴുത്തുകാരൻ കൂടിയായ മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. മറ്റൊരു കോൺ​ഗ്രസ് നേതാവിനും തട്ടിപ്പിൽ ബന്ധമുള്ളതായാണ് വിവരം. വസ്തു രജിസ്റ്റർ ചെയ്യാൻ ഇയാളും ഒരു തവണ ഇടപെട്ടിട്ടുണ്ട്. ഇയാളെയും വസ്തു വാങ്ങിയ ചന്ദ്രസേനൻ അടക്കമുള്ളവരെയും വിശദമായി ചോദ്യം ചെയ്യും. വസ്തു ഉടമ ഡോറ അസറിയ ക്രിപ്‌സ് അസുഖബാധിതയാണെന്നും ഇവർ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നും അറിയാവുന്നവരാണ് തട്ടിപ്പിനുപിന്നിൽ. അതേസമയം ഇവരെ ആരെയും മുൻപരിചയമില്ലെന്ന് ഡോറയുടെ ബന്ധുവും വീടിന്റെ പരിപാലകനുമായ അമർനാഥ് പോൾ പറയുന്നു. അമേരിക്കയിലുള്ള ഡോറയുമായി പൊലീസ് ഫോണിൽ സംസാരിച്ചിരുന്നു. അമർനാഥ് പോളിന്‌ കേസ് നടത്തിപ്പിനുള്ള പവർ ഓഫ് അറ്റോണി കൊടുക്കാനാണ് തീരുമാനം. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം തുടർ അറസ്റ്റുകളിലേക്ക് കടന്നാൽ മതിയെന്നാണ് അന്വേഷക സംഘത്തിന്റെ തീരുമാനം. വസ്തുവിന്റെ ഉടമസ്ഥാവകാശം അടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച് വിശദമായ പരിശോധനയും നടത്തുന്നുണ്ട്. സബ് രജിസ്‌ട്രാർ ഓഫീസ് ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടോ എന്നതും പരിശോധിക്കും. കരമന കൂടത്തിൽ വീട്ടിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വസ്തു രജിസ്‌ട്രേഷനിൽ ഉൾപ്പെട്ട ചിലർ ഈ സംഭവത്തിലും പ്രതികളാണെന്നാണ് വിവരം. പൊലീസിൽ പരാതി നൽകിയതോടെ മണികണ്ഠൻ ഡോറയുടെ അഭിഭാഷകനെ ഒത്തുതീർപ്പിനായി വിളിച്ചിരുന്നു. കേസിൽ റിമാൻഡിലായിരുന്ന പുനലൂർ അലയമൺ പഞ്ചായത്തിൽ മണക്കാട് പുതുപറമ്പിൽവീട്ടിൽ മെറിൻ ജേക്കബിനെ (27) പൊലീസ് 2 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കവടിയാർ ജവഹർ നഗറിലെ നാലരക്കോടിയോളം രൂപ വിലവരുന്ന ഡോറയുടെ പേരിലുള്ള വീടും വസ്തുവുമാണ് വ്യാജ രേഖകൾ തയ്യാറാക്കി തട്ടിയെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Home