ഫ്ലാറ്റിലെ താമസക്കാരെ ഒഴിപ്പിച്ചു

പിആർഎസ് ലേക്ക് വില്ലേ ഫ്ലാറ്റിലേക്കുള്ള റോഡിന്റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ
കഴക്കൂട്ടം
കനത്ത മഴയിൽ ആക്കുളം പിആർഎസ് ലേക്ക് വില്ലേ ഫ്ലാറ്റിലേക്കുള്ള റോഡിന്റെ സംരക്ഷണഭിത്തിക്കൊപ്പം 50 മീറ്റർ നീളത്തിലും 30 മീറ്ററോളം ഭാഗം ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് 12 നിലകളുള്ള ഫ്ലാറ്റിലെ 120 താമസക്കാരെ ഒഴിപ്പിച്ചു. കലക്ടർ കെ എസ് അഞ്ജുവിന്റെ നിർദേശത്തെ തുടർന്നാണ് ഒഴിപ്പിച്ചത്. ആക്കുളം കട്ടേല ഗുഡ് ഷെപ്പേഡ് സ്കൂൾ വളപ്പിൽ പുതിയ ബ്ലോക്കിന്റെ നിർമാണത്തിനിടയിലാണ് സംഭവം. തിങ്കൾ രാത്രി ഒന്നരയോടെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. 78 അപാർട്ട്മെന്റുകളുള്ള ഫ്ലാറ്റിൽ 63 എണ്ണത്തിലാണ് ആൾത്താമസം. സമീപത്തെ ഫ്ലാറ്റുകളിൽ ഇവരെ താൽക്കാലികമായി പാർപ്പിച്ചു. ഫ്ലാറ്റിന് അപകട ഭീഷണിയില്ലെന്നും മുൻകരുതലെന്ന നിലയിലാണ് ഒഴിപ്പിച്ചതെന്നും കലക്ടർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ സംരക്ഷണഭിത്തി നിർമിച്ച് റോഡ് സഞ്ചാരയോഗ്യമാക്കും. താൽക്കാലികമായി മാറ്റുന്നവരുടെ താമസച്ചെലവ് സ്കൂൾ മാനേജ്മെന്റ് വഹിക്കുമെന്ന് സ്കൂൾ അധികൃതർ കലക്ടർക്ക് ഉറപ്പുനൽകി. ഫ്ലാറ്റിന്റെ മുന്നിലെ റോഡിനോടു ചേർന്നുള്ള അതിർത്തിഭാഗത്തെ മണ്ണ് നീക്കിയതാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണമെന്ന് പിആർഎസ് ലേക്ക് വില്ലേ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ മനോജ് പറഞ്ഞു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് നിർമാണം നടത്തിയതെന്നും എത്രയുംവേഗം സംരക്ഷണഭിത്തി നിർമിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ഫ്ലാറ്റിന് അപകടഭീഷണിയില്ലെന്നും നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും പിആർഎസ് ബിൽഡേഴ്സ് എംഡി ആർ മുരുഗൻ പറഞ്ഞു. മണ്ണിടിഞ്ഞ ഭാഗം ടാർപോളിൻവച്ച് മൂടി. ഫ്ലാറ്റിന്റെ അപകടാവസ്ഥ പൂർണമായും ഒഴിവാക്കുന്നതുവരെ സ്കൂളിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം. അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള പ്രൊപ്പോസൽ സ്കൂൾ അധികൃതർ സമർപ്പിച്ച് പൊതുമരാമത്ത്, നഗരസഭ, മണ്ണ് സംരക്ഷണം, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകൾ പരിശോധിച്ച് അനുമതി നൽകണം. നിർമാണത്തിന് ലഭിച്ച അനുമതിക്കുള്ളിൽനിന്നാണോ പ്രവൃത്തികൾ, അനുവദിച്ച പെർമിറ്റിൽ കൂടുതൽ മണ്ണ് നീക്കിയിട്ടുണ്ടോ എന്നിവ ജില്ലാ ജിയോളജിസ്റ്റും പരിശോധിച്ച് നിയമനടപടി സ്വീകരിക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.









0 comments