ad
Deshabhimani

വാതിൽ തുറന്നു; ലൈഫുള്ള 
 സന്തോഷത്തിൽ

കോമളകുമാരിയുടെയും സോമൻ നായരുടെയും വീട് പാലുകാച്ചൽ ചടങ്ങിൽ 
മന്ത്രി ജി ആർ അനിൽ പങ്കുചേർന്നപ്പോൾ

കോമളകുമാരിയുടെയും സോമൻ നായരുടെയും വീട് പാലുകാച്ചൽ ചടങ്ങിൽ 
മന്ത്രി ജി ആർ അനിൽ പങ്കുചേർന്നപ്പോൾ

വെബ് ഡെസ്ക്

Published on Feb 26, 2026, 12:01 AM | 1 min read

തിരുവനന്തപുരം

ഇത്രനാൾ കനവ്‌ കണ്ടൊരു ജീവിതത്തിലേക്ക്‌ അവർ വാതിൽ തുറന്നു. പുതുമണം നിറഞ്ഞ വീട്ടിൽ തിളച്ചുതൂകിയ പാലിനൊപ്പം സന്തോഷവും നിറഞ്ഞൊഴുകി. മന്ത്രി ജി ആർ അനിൽ ഉൾപ്പെടെയുള്ളവർ ആ നിമിഷത്തിന്‌ സാക്ഷിയായി. തിരുവനന്തപുരം കാച്ചാണി അനിഴം വീട്ടിൽ കോമളകുമാരിക്കും ഭർത്താവ്‌ സോമൻനായർക്കും മകൻ അഖിലിനും ഇനി പുതിയ വീട്ടിൽ സുഖമായി കഴിയാം. ലൈഫ്‌ ഭവനപദ്ധതിയിലൂടെ സർക്കാർ നൽകിയ കരുതലാണ്‌ ഇ‍ൗ കുടുംബത്തിന്‌ തണലൊരുക്കിയത്‌. ലൈഫിൽ അഞ്ചുലക്ഷം വീടുകൾ നിർമാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനദിവസം നടന്ന പാലുകാച്ചൽ നാട്ടുകാർ ആഘോഷമാക്കി. മൺചുവരും ഷീറ്റും മേഞ്ഞ ഒറ്റമുറി വീട്ടിലെ വർഷങ്ങളോളം നീണ്ട ജീവിതത്തിൽനിന്നാണ്‌ രണ്ടു മുറിയും ഹാളും അടക്കം എല്ലാ സ‍ൗകര്യങ്ങളുമുള്ള വാർക്കവീട്ടിലേക്ക്‌ കോമളകുമാരിയും കുടുംബവും മാറിയത്‌. വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു രാവിലെമുതൽ മൂവരും. പന്ത്രണ്ടോടെ മന്ത്രി ജി ആർ അനിലും എത്തി. കലത്തിൽ പാൽ തിളച്ചുതൂകിയതും മനസ്സിലെ സന്തോഷം പുഞ്ചിരിയായി ഓരോരുത്തരുടെയും മുഖത്ത്‌ നിറഞ്ഞു. ആദ്യഗ്ലാസ്‌ പാൽ മന്ത്രിക്ക്‌. തുടർന്ന്‌ കോമളകുമാരിയും സോമൻനായരും ഓരോ ഗ്ലാസ്‌ പാൽ പരസ്‌പരം പങ്കിട്ടു. എല്ലാവർക്കും പായസവും നൽകി. ‘നല്ല അടിപൊളി വീടാണല്ലോ.’ ഓരോ മുറിയിലെയും സ‍ൗകര്യങ്ങൾ കണ്ടശേഷം മന്ത്രി ജി ആർ അനിൽ പറഞ്ഞു. ‘താമസിക്കാൻ ഇടമില്ലാത്ത എല്ലാവർക്കും വീട്‌ കിട്ടണം. ഇ‍ൗ പദ്ധതി ഇനിയും തുടരണം’– സോമൻനായർ മന്ത്രിയോട്‌ പറയാൻ മറന്നില്ല. കരകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അജിത്‌, വൈസ്‌ പ്രസിഡന്റ്‌ അശ്വതി സുനിൽ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ ആർ പ്രീത തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home