ഗൃഹനാഥനെയും മകനെയും കെട്ടിയിട്ട് മര്‍ദിച്ച സംഭവം
പ്രതികള്‍ ഒളിവിൽത്തന്നെ

കിളിമാനൂര്‍
വെള്ളല്ലൂര്‍ വട്ടവിളയിലെ പണിപൂര്‍ത്തിയാകാത്ത വീട്ടിലേക്ക് ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ ഒളിവില്‍. സ്‌റ്റേഷൻ പരിധി യഥാസമയം മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ പൊലീസ് വീഴ്‌ച വരുത്തിയതോടെ പ്രതികൾക്ക് മുങ്ങാനുള്ള സമയംകിട്ടി. വർക്കല പൊലീസിൽ ലഭിച്ച പരാതി വൈകിയാണ് കിളിമാനൂർ പൊലീസിന് കൈമാറിയത്. വടശേരിക്കോണം ആര്യഭവനില്‍ അനില്‍കുമാർ ആണ് മർദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന്റെ മകളെ വിവാഹമാലോചിച്ച വെള്ളല്ലൂര്‍ പുളിയറക്കോണം സ്വദേശി സുധീഷ് ആണ് സംഘം ചേർന്ന് മർദിച്ചത്. സുധീഷിന്റെ ക്രിമിനൽ പശ്‌ചാത്തലമറിഞ്ഞ് വിവാഹാലോചന നിരസിച്ചതാണ് വൈരാഗ്യത്തിനുപിന്നിൽ. 17 പകൽ പത്തോടെ അനില്‍കുമാറിനെ വീടുപണിക്കെന്ന വ്യാജേന വട്ടവിളയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു. അവിടെ ഇടിമുറിയിലിട്ട് മര്‍ദിച്ചതിനൊപ്പം ഭീഷണിപ്പെടുത്തി മകൻ അച്ചുവിനെയും വിളിച്ചുവരുത്തി മര്‍ദിച്ചു. സുധീഷ്, സുഹൃത്തുക്കളായ അരുണ്‍, ആരോമല്‍, സുഹൃത്തായ മറ്റൊരു യുവാവ് എന്നിവരാണ് മർദിച്ചത്. അച്ചുവിനെ ഭീഷണിപ്പെടുത്തി അമ്മയെയും ഇവിടേക്ക് വിളിച്ചുവരുത്താനായിരുന്നു പദ്ധതി. ഇതിനിടെ അച്ചുവിന്റെ അമ്മ വാർഡ് മെന്പറെ അറിയിച്ചതാണ് പ്രതികൾക്ക് വിനയായത്. കിളിമാനൂര്‍ എസ്എച്ച്ഒ നിസാറിന്റെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളിലെ എസ്ഐമാരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കുറവന്‍കുഴി അടയമണ്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫ് ആയത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഇടിമുറിക്ക് പണമൊരുക്കിയത് കൂലിപ്പണിയെടുത്ത്
കിളിമാനൂര്‍
ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി മര്‍ദിച്ച സംഭവത്തിൽ പ്രതികള്‍ നടത്തിയത്, രണ്ടുമാസത്തോളമെടുത്ത ആസൂത്രണം. മകളെ വിവാഹം ചെയ്തുനൽകണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായി സമീപിച്ച സുധീഷിനെതിരായ അനില്‍കുമാറിന്റെ പരാതിയിൽ വര്‍ക്കല പൊലീസ് സുധീഷിന്റെ രണ്ട് സുഹൃത്തുക്കളെ പിടികൂടി മര്‍ദിച്ചിരുന്നു. പ്രതികൾക്ക് കടുത്ത പകയായി. ആഴ്‌ചകൾകൊണ്ട് നടത്തിയ ഗൂഢാലോചനയിലാണ് സുധീഷിന്റെ ആളൊഴിഞ്ഞ കുടുംബവീട്ടിൽ ചില്ലുകൊണ്ട് പ്രത്യേക മുറി സജ്ജീകരിച്ചത്. ശബ്ദം പുറത്തുകേൾക്കാതിരിക്കാനുള്ള സജ്ജീകരണങ്ങളൊരുക്കി. പണിക്കൊന്നും പോകാത്ത പ്രതികള്‍ ഇടിമുറിയൊരുക്കാൻ കൂലിപ്പണികള്‍ക്കൊക്കെ പോയി പണം സമ്പാദിച്ചു. പണം കണ്ടെത്തുന്നത് സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസയാത്ര പോകാനാണെന്നും മൊബൈല്‍ കവറേജ് ഇല്ലാത്ത സ്ഥലമാണ് ഇതിനായി തെരഞ്ഞെടുക്കുന്നതെന്നും മുഖ്യപ്രതി ബന്ധുക്കളെ അറിയിച്ചിരുന്നു. ഇങ്ങനെ സമ്പാദിച്ച പണമുപയോഗിച്ചാണ് വീട്ടില്‍ പ്രത്യേക ചില്ലുമുറിയുണ്ടാക്കിയത്. ഇവിടെ അനില്‍കുമാറിനെയും ഭാര്യയെയും മകനെയും എത്തിച്ച് ഭീഷണിപ്പെടുത്തി മകളെ ബലാൽക്കാരമായി വിവാഹം കഴിക്കാമെന്നതായിരുന്നു സുധീഷിന്റെ പദ്ധതി.










0 comments